മന്‍മോഹന്‍ സിംഗിന്റെ കാലത്തും ഇന്ത്യ സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയിട്ടുണ്ട് എന്ന് രാഹുല്‍ ഗാന്ധി

മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയായിരുന്ന സമയത്ത് ഇന്ത്യ മൂന്ന് സര്‍ജിക്കല്‍ ആക്രമണങ്ങള്‍ നടത്തിയിരുന്നുവെന്ന് കോണ്ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അതിനെക്കുറിച്ച് മോദി കേട്ടിട്ടുണ്ടോയെന്നു രാഹുല്‍ഗാന്ധി ചോദിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി സൈന്യത്തെ രാഷ്ട്രീയ ലക്ഷ്യത്തോടെ ഉപയോഗിക്കുന്നെന്ന് രാഹുല്‍ ഗാന്ധി ആരോപിക്കുന്നു.

എല്ലാ അറിവുകളും തന്നില്‍ന്നാണ് വരുന്നതെന്നാണ് മോദി കരുതുന്നത്. സൈനിക രംഗത്തെക്കുറിച്ച് സൈന്യത്തേക്കാള്‍ നന്നായി തനിക്കറിയാമെന്ന് മോദി കരുതുന്നു. അതുപോലെ വിദേശകാര്യത്തെക്കുറിച്ച് വിദേശകാര്യ മന്ത്രിയേക്കാള്‍ തനിക്കറിവുണ്ടെന്നും കൃഷിമന്ത്രിയേക്കാള്‍ കൂടുതല്‍ കാര്‍ഷിക മേഖലയെക്കുറിച്ച് അറിവുണ്ടെന്നുമാണ് മോദിയുടെ ധാരണ. ഒരു ഹിന്ദുവാണെന്ന് പറയുന്നുണ്ടെങ്കിലും മോദിക്ക് ഹിന്ദുമതത്തെക്കുറിച്ച് ഒന്നും അറിയില്ല. എന്തുതരം ഹിന്ദുവാണ് അദ്ദേഹം? രാഹുല്‍ ചോദിക്കുന്നു.

യുവാക്കള്‍ തൊഴിലില്ലാതെ നടക്കുകയും തൊഴിലില്ലായ്മ പെരുകുന്നതും മറച്ചുവെയ്ക്കാനാണ് ഇന്ത്യന്‍ സൈന്യം 2016 ല്‍ നടത്തിയ സര്‍ജിക്കല്‍ ആക്രമണത്തെ മോദി രാഷ്ട്രീനേട്ടമായി ആഘോഷിക്കുന്നതെന്ന് രാഹുല്‍ പറഞ്ഞു.എന്നാല്‍ മന്‍മോഹന്‍ കാലത്ത് നടത്തിയ ആക്രമണം രാജ്യ രഹസ്യമായി സൂക്ഷിക്കാന്‍ സൈന്യം താല്‍പ്പര്യം പ്രകടിപ്പിച്ചെന്ന് രാഹുല്‍ രാജസ്ഥാനിലെ ഉദയ്പൂരിലെ തെരഞ്ഞെടുപ്പില്‍ പറഞ്ഞു.

യുവാക്കള്‍ക്ക് തൊഴിലവസരം സൃഷ്ടിക്കുന്നതില്‍ വന്ന പരാജയമാണ് സര്‍ജിക്കല്‍ അറ്റാക്കിന്റെ പേരില്‍ മോഡി ഉപയോഗിക്കുന്നത്. യുപിഎ സര്‍ക്കാരിന്റെ കാലത്ത് രാജ്യത്തെ ബാങ്കുകളില്‍ ഉണ്ടായിരുന്ന രണ്ടു ലക്ഷം കോടി നോണ്‍ പെര്‍ഫോമിംഗ് അസറ്റ് ബിജെപി സര്‍ക്കാര്‍ വന്ന ശേഷം 12 ലക്ഷം കോടിയായി ഉയര്‍ന്നെന്നും എന്നാല്‍ സര്‍ക്കാര്‍ വായ്പ എഴുതിത്തള്ളിയത് 15 മുതല്‍ 20 വരെ വ്യവസായികളുടെതാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

രാജ്യത്തെ ബാങ്കിംഗ് സംവിധാനങ്ങള്‍ വ്യവസായികള്‍ക്ക് വേണ്ടി മാത്രമുള്ളതാണ്. നോട്ട് നിരോധനവും ജിഎസ്ടിയും ഈ സര്‍ക്കാര്‍ കൊണ്ടുവന്നു. എന്നാല്‍ രണ്ടും ഇപ്പോഴും ജനങ്ങളില്‍ ആശയക്കുഴപ്പം ഉണ്ടാക്കുകയാണ്. അത് വന്‍കിട കമ്പനികള്‍ക്ക് വാതില്‍ തുറന്നു കൊടുക്കാന്‍ വേണ്ടിയുള്ള അഴിമതിയായിരുന്നു.

സാധാരണക്കാരെ പിന്തുണച്ചിരുന്ന സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണ് ജിഎസ്ടി, നോട്ടുനിരോധനം എന്നിവ ചേര്‍ന്ന തകര്‍ത്തത്. സര്‍ജിക്കല്‍ അറ്റാക്കിനെ മോദി രാഷ്ട്രീയ നേട്ടമായി കരുതുകയാണ്. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിലും അത് ഉപയോഗപ്പെടുത്തി. എന്നാല്‍ മന്‍മോഹന്‍സിംഗിന്റെ കാലത്ത് ഇന്ത്യ മൂന്ന് തവണ സര്‍ജിക്കല്‍ ആക്രമണം നടത്തി.