ശബരിമല ; ജനുവരി ഒന്നിന് കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ വനിതാ മതില്‍ സംഘടിപ്പിക്കും : പിണറായി
കേരളം വീണ്ടും ഭ്രാന്താലയമാക്കരുത് എന്ന മുദ്രാവാക്യമുയര്‍ത്തി ജനവരി ഒന്നിന് കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ വനിതാ മതില്‍ സംഘടിപ്പിക്കുവാന്‍ മുഖ്യമന്ത്രിയുടെ തീരുമാനം.
ശബരിമല വിഷയത്തില്‍ സംഘപരിവാര്‍ സംഘടനകളുടെ സമരത്തിന് ബദല്‍ എന്ന നിലയിലാണ് സര്‍ക്കാര്‍ ഈ തീരുമാനം എടുത്തിരിക്കുന്നത്. തിരുവനന്തപുരത്ത് ചേര്‍ന്ന സാമൂഹ്യ സംഘടനകളുടെ യോഗം സര്‍ക്കാരിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. യോഗത്തില്‍ പങ്കെടുത്ത മിക്കവാറും സംഘടനാ പ്രതിനിധികള്‍ ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടിനെ പിന്താങ്ങിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
എസ്എന്‍ഡിപിയും ദളിത് സംഘടനകളും ആദിവാസി ഗോത്രാമഹാസഭയും ഉള്‍പ്പെടെ നിരവധി സാമുദായിക, സാമൂഹ്യ, നവോത്ഥാന സംഘടനകളാണ് യോഗത്തില്‍ പങ്കെടുത്തത്. എന്നാല്‍ എന്‍എസ്എസ് യോഗത്തില്‍ നിന്ന് വിട്ടുനിന്നു. കാലത്തിന് അനുസൃതമായ മാറ്റം സമൂഹത്തില്‍ കൊണ്ടുവരാനുളള ചര്‍ച്ചയില്‍ എന്‍എസ്എസ് പങ്കെടുക്കേണ്ടതായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഞാനെന്ന ഭാവം എന്‍എസ്എസ് ഉപേക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കേരളം വീണ്ടും ഭ്രാന്താലയമാക്കാന്‍ അനുവദിക്കില്ലെന്നും അതിനായി മതനിരപേക്ഷ ചിന്താഗതിക്കാരും നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കണമെന്ന ആഗ്രഹിക്കുന്ന കേരളീയ സമൂഹം അണിനിരക്കുമെന്നും ഇതിനാവശ്യമായ പിന്തുണ എല്ലാ കേരളീയരും നല്‍കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇരുണ്ട കാലത്തിലേക്ക് പോകാനാകില്ലെന്ന് പ്രഖ്യാപിച്ചാകും വനിതാ മതില്‍ സംഘടിപ്പിക്കുക. സ്ത്രീക്കും പുരുഷനും ഒരേ അവകാശമാണെന്ന നിലപാടില്‍ സര്‍ക്കാര്‍ ഉറച്ച് നില്‍ക്കുന്നതായും യോഗത്തിന് ശേഷം മുഖ്യമന്ത്രി വ്യക്തമാക്കി.
പുരുഷന് തുല്ല്യമായ അവകാശം സ്ത്രീക്കുമുണ്ടെന്ന കാര്യം ഗൌരവമായി ചര്‍ച്ച ചെയ്യപ്പെടുന്ന നിലവിലെ സാഹചര്യത്തില്‍ സ്ത്രീകള്‍ക്കെതിരെ വിവേചനപരമായ നീക്കം ഒരു ചെറിയ വിഭാഗമാണെങ്കിലും ശക്തിപ്പെടുത്തിയ സന്ദര്‍ഭത്തില്‍ വനിതകളെ കേന്ദ്രീകരിച്ചു കൊണ്ടുള്ള ഒരു പരിപാടി സംസ്ഥാനത്ത് സംഘടിപ്പിക്കണമെന്ന ആശയം യോഗത്തില്‍ ഉയര്‍ന്നു വന്നു.
ഇതിന്റെ ഭാഗമായി ജനുവരി ഒന്നിന് കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ വനിതാ മതില്‍ സംഘടിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എസ്എന്‍ഡിപി ഉള്‍പ്പടെയുള്ള നവോത്ഥാന സംഘടനാ പ്രതിനിധികളുടെ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തെ ആര്‍ക്കും ഇരുണ്ടകാലത്തേക്ക് തള്ളിവിടാനാകില്ലെന്നും അതിന് ഞങ്ങള്‍ സമ്മതിക്കില്ലെന്ന പ്രഖ്യാപനമാണ് ഈ പരിപാടികൊണ്ട് ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.