ഇന്ത്യന്‍ വംശജന്‍ സുരേഷ് ഷാ ടെക്സസില്‍ വെടിയേറ്റ് മരിച്ചു

പി പി ചെറിയാന്‍

ലൂയിസ്വില്ല (ടെക്സസ്): ഇന്ത്യന്‍ അമേരിക്കന്‍ വംശജന്‍ സുരേഷ് ഷാ (സാം-46) ടെക്സസിലെ ലൂയിസ് വില്ലയില്‍ നവംബര്‍ 26 തിങ്കളാഴ്ച രാത്രി 10 മണിക്ക് വെടിയേറ്റു മരിച്ചു.

ജെയ് ശക്തി ഗ്ലോബല്‍ ഇന്‍ കോര്‍പറേഷന്റെ ഉടമസ്ഥതയിലുളള ലിക്വര്‍ ഷോപ്പിന്റെ ഉടമസ്ഥരിലൊരാളായിരുന്നു സാം. തിങ്കളാഴ്ച രാത്രി 10 മണിക്ക് ഷോപ്പ് അടയ്ക്കുന്നതിനിടയില്‍ കറുത്ത വസ്ത്രവും മുഖമൂടിയും ധരിച്ചു എത്തിയ അക്രമിയാണ് സുരേഷിനെ വെടിവച്ചതെന്ന് പൊലീസ് വെളിപ്പെടുത്തി.

നെഞ്ചില്‍ വെടിയേറ്റ് അബോധാവസ്ഥയില്‍ കഴിഞ്ഞിരുന്ന സുരേഷിനെ ലൂയിസ് വില്ല മെഡിക്കല്‍ സിറ്റിയില്‍ കൊണ്ടുവന്നെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കവര്‍ച്ചയായിരിക്കാം ലക്ഷ്യമെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. അക്രമി ആവശ്യപ്പെട്ടതു ഷാ നല്‍കിയെങ്കിലും വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് കടയിലെ വിഡിയോ ദൃശ്യങ്ങളെ ഉദ്ധരിച്ചു പൊലീസ് പറഞ്ഞു.

ലിറ്റില്‍ ഈലം താമസക്കാരനായ ഷാ, ഭാര്യയും, രണ്ടു കുട്ടികളും ഉള്‍പ്പെടുന്ന കുടുംബ നാഥനാണ്. മൂന്ന് വര്‍ഷമായി ലിക്വര്‍ ഷോപ്പ് നടത്തുന്ന സുരേഷ്, കടയില്‍ വരുന്നവരെ ഷേക്ക് ഹാന്‍ഡ് നല്‍കിയാണ് സ്വീകരിക്കുകയെന്നും വളരെ നല്ല പെരുമാറ്റമായിരുന്നുവെന്നും സ്ഥിരമായി കടയില്‍ വരുന്നവര്‍ അഭിപ്രായപ്പെട്ടു.

പ്രതിയെ ഇതുവരെ പിടികൂടാനായിട്ടില്ല. സംഭവത്തെക്കുറിച്ച് സൂചന ലഭിക്കുന്നവര്‍ ലൂയിസ് വില്ല പൊലീസ് സൂപ്രണ്ടുമായി 972 219 3600 നമ്പറില്‍ ബന്ധപ്പെടണമെന്ന് അധികൃതര്‍ അഭ്യര്‍ഥിച്ചു.