2018ല്‍ ലോകം കണ്ട മഹാദുരന്തം ; കേരളത്തിലെ പ്രളയം ഒന്നാമത്

2018ല്‍ ലോകംകണ്ട ഏറ്റവുംവലിയ പ്രകൃതിദുരന്തം കേരളത്തിലുണ്ടായ മഹാപ്രളയമെന്ന് അന്താരാഷ്ട്ര റിപ്പോര്‍ട്ട്. ആള്‍നാശം കണക്കാക്കിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. അതേസമയം സാമ്പത്തികനഷ്ടത്തിന്റെ കണക്കെടുപ്പില്‍ ആഗോളദുരന്തങ്ങളില്‍ നാലാമതാണ് പ്രളയം. ലോക കാലാവസ്ഥാസംഘടന (ഡബ്ല്യു.എം.ഒ.) വ്യാഴാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് കേരളത്തിലെ പ്രളയത്തിന്റെ ആഘാതം വിലയിരുത്തിയിട്ടുള്ളത്.

ജപ്പാന്‍, കൊറിയ, നൈജീരിയ എന്നിവിടങ്ങളിലുണ്ടായ പ്രളയവും പാകിസ്താനിലുണ്ടായ ഉഷ്ണതരംഗവുമാണ് ആള്‍നാശത്തിന്റെ കാര്യത്തില്‍ കേരളത്തിന് തൊട്ടുപിന്നിലുള്ളത്. അതുപോലെ സെപ്റ്റംബറില്‍ യു.എസിലുണ്ടായ ഫ്‌ളോറന്‍സ് ചുഴലിക്കാറ്റാണ് ഏറ്റവുംവലിയ സാമ്പത്തിക നഷ്ടമുണ്ടാക്കിയത്. 35,000 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.

2017-ല്‍ ഇന്ത്യയിലാകെ മഴക്കെടുതികളിലും വെള്ളപ്പൊക്കത്തിലുമുണ്ടായതിലുമേറെയാണ് കേരളത്തിലെ മഹാപ്രളയത്തിലുണ്ടായ നഷ്ടം. 1924-നുശേഷം കേരളംകണ്ട ഏറ്റവുംവലിയ പ്രളയം 54 ലക്ഷംപേരെ ബാധിച്ചു. 223 പേര്‍ മരിച്ചു. 30,000 കോടി രൂപയുടെ (430 കോടി യു.എസ്. ഡോളര്‍) സാമ്പത്തികനഷ്ടമുണ്ടായതായും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, 483 പേര്‍ മരിച്ചതായാണ് സംസ്ഥാനത്തിന്റെ കണക്ക്.

സംസ്ഥാനത്തെ അഞ്ച് ജില്ലകളിലെ 33 ലക്ഷംപേരുടെ തൊഴിലവസരങ്ങളെ പ്രളയം പ്രതിസന്ധിയിലാക്കിയെന്ന് ക്ലൈമറ്റ് ട്രെന്‍ഡ്‌സ് എന്ന കാലാവസ്ഥാ ഗവേഷണസംഘടന പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. കാലാവസ്ഥാമാറ്റമാണ് കേരളത്തില്‍ അസാധാരണ മഴയ്ക്കിടയാക്കിയതെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പും കഴിഞ്ഞദിവസം റിപ്പോര്‍ട്ടുചെയ്തിരുന്നു.