കേരളത്തില്‍ ന്യൂനപക്ഷ സ്കോളർഷിപ്പ് തട്ടിപ്പ് സംഘം സജീവം ; നടപടി എടുക്കാതെ സര്‍ക്കാരും പോലീസും
ഉദ്യോഗസ്ഥര്‍ അടക്കമുള്ള സംഘം നടത്തിവരുന്ന ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് തട്ടിപ്പില്‍ നടപടിയെടുക്കാതെ മൌനം പാലിച്ച് കേരളാ പൊലീസും സര്‍ക്കാരും. വിദ്യാര്‍ത്ഥികള്‍ല്ലാത്തവരെ പട്ടികയില്‍ തിരുകി കയറ്റി പണം തട്ടാനായിരുന്നു ശ്രമം. തട്ടിപ്പ് നടത്തിയ നാല് പേരെ തിരിച്ചറിഞ്ഞിട്ടും പൊലീസ് തുടര്‍ നടപടിയെടുത്തിട്ടില്ല.
തട്ടിപ്പ് സംഘത്തെ അറസ്റ്റ് ചെയ്താല്‍ മാത്രമേ ഉദ്യോഗസ്ഥരുടെ പങ്ക് വ്യക്തമാവുയുള്ളൂ. എന്‍.ഐ.സി യിലെ ഉദ്യോഗസ്ഥര്‍ക്കും തട്ടിപ്പില്‍ പങ്കെന്ന് സംശയമുണ്ട്. മൊബൈല്‍ നമ്പര്‍ സൈബര്‍ സംഘം കൈമാറിയിട്ടും പൊലീസ് നടപടിയെടുക്കാന്‍ തയ്യാറായില്ല.
ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിന്റെ പേരില്‍ നിരവധി തട്ടിപ്പാണ് കേരളത്തില്‍ നടന്നുവന്നത്. കേരളത്തിലെ സ്‌കോളര്‍ഷിപ്പ് പട്ടികയില്‍ ഉള്ളവരെല്ലാം ഉത്തരേന്ത്യക്കാരാണെന്നും കോളജുകളുടെ പട്ടികയിലുള്ളത് കോളജുമായി ബന്ധമില്ലാത്തവരുടെ പേരുകളാണെന്നും കണ്ടെത്തിയിരുന്നു. ഉന്നത വിദ്യാഭ്യാസ ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് പട്ടികയില്‍ പത്താംക്ലാസുകാരടക്കം ഇടം പിടിച്ചിരിക്കുന്നു.
എന്നാല്‍ വിദ്യാര്‍ഥികള്‍ക്ക് പഠിക്കുന്ന കോഴ്‌സോ കോളേജോ തന്റെ പേരില്‍ സ്‌കോളര്‍ഷിപ്പ് ഉണ്ടെന്ന കാര്യം പോലും പലര്‍ക്കും അറിയില്ല. അനര്‍ഹരെ തിരുകിക്കയറ്റി സ്‌കോളര്‍ഷിപ്പ് ലോബി തട്ടിപ്പ് തുടരുകയാണ്. പാവപ്പെട്ട വിദ്യാര്‍ത്ഥികളുടെ പഠനാവശ്യത്തിനു വേണ്ടി കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച സ്‌കോളര്‍ഷിപ്പ് ആണ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട ലോബി തട്ടിയെടുത്ത് കോടികള്‍ സമ്പാദിച്ചു കൂട്ടുന്നത്. സര്‍ക്കാരും പോലീസും തട്ടിപ്പുകാര്‍ക്ക് കുടപിടിക്കുന്ന നടപടിയാണ് ഇപ്പോഴും എടുത്തിരിക്കുന്നത്.