നടി പ്രിയങ്ക ചോപ്രയും പോപ്പ് ഗായകന്‍ നിക്ക് ജോനസും വിവാഹിതരായി

ജോധ്പൂര്‍: ബോളിവുഡ് നടി പ്രിയങ്ക ചോപ്രയും അമേരിക്കന്‍ പോപ്പ് ഗായകന്‍ നിക്ക് ജോനസും വിവാഹിതരായി. ജോധ്പൂരില്‍ വെച്ചായിരുന്നു വിവാഹചടങ്ങുകള്‍. ഉമൈദ് ഭവന്‍ കൊട്ടാരത്തില്‍ ക്രിസ്തീയ ആചാരപ്രകാരമായിരുന്നു കല്യാണം.നിക്കിന്റെ അച്ഛന്‍ പോള്‍ കെവിന്‍ ജോനാസായിരുന്നു വിവാഹത്തിന് കാര്‍മികത്വം നല്‍കിയത്. ഇന്ന് പഞ്ചാബി ശൈലിയിലും വിവാഹചടങ്ങ് നടക്കും.

പ്രിയങ്കയുടെ ബ്രൈഡ്സ്മെയ്ഡുകള്‍ ഇളം പിങ്ക് നിറത്തിലുള്ള വസ്ത്രം തെരഞ്ഞെടുത്തപ്പോള്‍ നിക്കിന്റെ ഗ്രൂംസ്മെന്‍ കറുത്ത കോട്ടിലും സ്യൂട്ടിലും തിളങ്ങി. പ്രശസ്ത ഡിസൈനറായ റാല്‍ഫ് ലൊറെയ്ന്‍ ആണ് ഇരുവരെയും അണിയിച്ചൊരുക്കിയത്. നിക്ക് ജോനസും പ്രിയങ്ക ചോപ്രയും ജ്വല്ലറി ഡിസൈനറായ ചോപ്പര്‍ഡിന്റെ വിവാഹമോതിരങ്ങളാണ് അണിഞ്ഞിരുന്നത്.

അടുത്ത ബന്ധുക്കള്‍ക്ക് പുറമെ അംബാനി കുടുംബവും, സല്‍മാന്‍ ഖാന്റെ സഹോദരി അര്‍പ്പിത ഖാനും ചടങ്ങില്‍ പങ്കെടുത്തു. ക്ഷണിക്കപ്പെട്ടവര്‍ക്കല്ലാതെ മറ്റാര്‍ക്കും വേദിയിലേക്കോ പാലസിലേക്കോ പ്രവേശനമുണ്ടായിരുന്നില്ല. വിവാഹ വേദിക്ക് ചുറ്റും കനത്ത കാവല്‍ ഉണ്ടായിരുന്നു. ഓഗസ്റ്റ് 18നായിരുന്നു ഇരുവരുടേയും വിവാഹ നിശ്ചയം. 26 കാരനായ നിക്ക് ജോനസും, 35 കാരിയായ പ്രിയങ്കയും ദീര്‍ഘനാളായി പ്രണയത്തിലായിരുന്നു.