ഇനി കല്യാണത്തിന് സായിപ്പന്മാരെ വിളിക്കാം, കാശും വാങ്ങാം


വിദേശികള്‍ ഇന്ത്യയിലെ വ്യത്യസ്തമായ വിവാഹചടങ്ങുകളില്‍ പങ്കെടുക്കണമെന്ന് ആഗ്രഹിക്കുന്നവരാണ്. അതിന് അവരെ സഹായിക്കുന്ന ഒരു ആപ്പ് നിലവിലുണ്ട്. ഒരു ഓസ്ട്രേലിയന്‍ സ്റ്റാര്‍ട്ടപ്പാണ് 2016 -ല്‍ വ്യത്യസ്തമായ ആശയം കൊണ്ടുവന്നത്, JoinMyWedding.com എന്നാണ് ഈ ആപ്പിന്റെ പേര്. ഇന്ത്യയില്‍ നടക്കുന്ന വിവാഹ ചടങ്ങുകളില്‍ അവര്‍ക്ക് പങ്കെടുക്കാം, ഇതുലൂടെ വിദേശികളെ വിവാഹത്തിലേക്ക് ക്ഷണിക്കുകയും ചെയ്യാം.

ഇന്ത്യയിലെ വ്യത്യസ്തമായ ഭൂപ്രകൃതിയും നാട്ടുകാരും അവരുടെ ആചാരങ്ങളും വസ്ത്രധാരവും എല്ലാം അടുത്തറിയാന്‍ ആഗ്രഹിക്കുന്നവരാണ് ഇവിടെയെത്തുന്ന വിദേശ സഞ്ചാരികളില്‍ ഏറെപ്പേരും. അതിന് ഏറ്റവും നല്ല അവസരം വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കുക എന്നതാണ്.

ഒര്‍സി പാര്‍ക്കാന്യേ എന്ന ഓസ്ട്രേലിയന്‍ യുവതിക്ക് തന്റെ സുഹൃത്ത് ഇന്ത്യയിലെ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്തതിനെ കുറിച്ച് കേട്ടറിഞ്ഞതുമുതല്‍ ഇന്ത്യയില്‍ എത്തി ഒരു വിവാഹത്തിന് പങ്കെടുക്കാനുള്ള ആഗ്രഹം തോന്നി. അങ്ങിനെ ഒരു ഇന്ത്യന്‍ യാത്രയില്‍ അത് സാധിക്കുകയും ചെയ്തു. മനോഹരമായ അനുഭവമായിരുന്നു അവര്‍ക്കത്. അങ്ങിനെയാണ് ലോകത്തിന്റെ വിവിധ ഭാഗത്തുനിന്നുമുള്ള സഞ്ചാരപ്രിയര്‍ക്ക് ഇതുപോലെ വിവാഹത്തില്‍ പങ്കെടുക്കാനുള്ള അവസരമൊരുക്കാം എന്ന് ആശയം മനസ്സില്‍ വന്നത്. 2016ല്‍ ഒരു സ്റ്റാര്‍ട്ടപ്പ് കമ്പനി തുടങ്ങി ഇതിനായി ഒരു ആപ്പ് രൂപപ്പെടുത്തി. അതാണ് JoinMyWedding.com

വിവാഹത്തിന്റെ വിശദ വിവരങ്ങള്‍ നല്‍കി നമുക്കും ആതിഥേയരാകാം. വില്‍ക്കുന്ന ടിക്കറ്റിന്റെ 40 ശതമാനം കമ്പനിയുടെ കമ്മീഷനാണ് ബാക്കി തുക ദമ്പതികള്‍ക്കുള്ളതാണ്. ഒരു ദിവസത്തേക്ക് ഒരാള്‍ക്ക് ടിക്കറ്റ് വില 150 ഡോളര്‍, അതായത് ഏകദേശം 10,000 ഇന്ത്യന്‍ രൂപ. രണ്ടോ അതിലധികമോ ദിവസത്തേക്ക് 250 ഡോളര്‍ ആണ് ടിക്കറ്റ് വില. ഓരോ വിവാഹത്തിനും വിദേശ അതിഥികള്‍ക്ക് വിവാഹചടങ്ങുകളും മറ്റും വിശദീകരിച്ചു നല്‍കാന്‍ ദമ്പതികളുടെ വീട്ടില്‍ നിന്നൊരാള്‍ കൂടെയുണ്ടാകും.