കോഴിക്കോട്ട് : അന്യസംസ്ഥാന തൊഴിലാളിയെ തലക്കടിച്ച് കൊലപ്പെടുത്തി
കോഴിക്കോട് അന്യസംസ്ഥാന തൊഴിലാളിയെ തലക്കടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശ് സ്വദേശി ജയ്‌സിംഗ് യാദവിനെയാണ് (35) കോഴിക്കോട് വളയനാട് മാങ്കാവ് റോഡിലെ കുഴിക്കണ്ടത്ത് പറമ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മദ്യപിച്ചുണ്ടായ കലഹത്തെ തുടര്‍ന്നാണ് കൊലപാതകമെന്ന നിഗമനത്തിലാണ് പൊലീസ്.
പ്രിന്റിംഗ് പ്രസിലെ തൊഴിലാളിയാണ് ഭരത്. ഇയാളെ കാണാനായി സഹോദരനായ ജിതേന്ദ്രനും ഭരതിന്റെ ഭാര്യാ സഹോദരനായ ജയ്‌സിംഗ് യാദവും എത്തിയിരുന്നു. മൂവരും രാത്രിയില്‍ സംസാരിച്ചിരിക്കുകയും തുടര്‍ന്ന് മദ്യപിക്കുകയും തുടര്‍ന്ന് മൂവരും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടാവുകയായിരുന്നു എന്നും പൊലീസ് പറയുന്നു. കൊലപാതകത്തെ തുടര്‍ന്ന് ജയ്‌സിംഗ് യാദവിന്റെ ബന്ധു ഭരതിനെ മെഡിക്കല്‍ കോളേജ് പൊലീസ് കസ്റ്റഡിയിലെടുത്തു.
മദ്യപിച്ച ശേഷം മൂവരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഭരത് സമീപത്തുണ്ടായിരുന്ന വെട്ടുകല്ലെടുത്ത് ജയ്‌സിംഗ് യാദവിന്റെ തലക്കടിക്കുകയും കൊലപ്പെടുത്തുകയുമായിരുന്നു. രാത്രി ഏറെ വൈകിയും ഇവര്‍ പ്രദേശത്ത് നിന്ന് പോവാത്തത് ശ്രദ്ധയില്‍പെട്ട മറ്റു തൊഴിലാളികള്‍ സ്ഥല ഉടമയെ അറിയിച്ചു. പിന്നീട് ഉടമ മെഡിക്കല്‍കോളജ് പോലീസില്‍ വിവരമറിയിക്കുകയും പോലീസ് സ്ഥലത്തെത്തുകയുമായിരുന്നു.