സുരേന്ദ്രന് ജയില്‍; സുഗതന് മതില്‍; ശബരിമലയിൽ ആക്രമിച്ചത് സി പി സുഗതൻ തന്നെയെന്നു ജേണലിസ്റ്റ് സ്നേഹ കോശി

ശബരിമലയില്‍ സ്ത്രീകളെ തടഞ്ഞ ബി ജെ പി നേതാവ് കെ സുരേന്ദ്രന്‍ ഇപ്പോഴും പോലീസ് കസ്റ്റഡിയില്‍ തുടരുന്ന സമയം തന്നെ ചാനല്‍ റിപ്പോര്‍ട്ടറെ ആക്രമിച്ച സി പി സുഗതനെ സര്‍ക്കാര്‍ ജനുവരി ഒന്നിന് സംഘടിപ്പിക്കുന്ന വനിതാ മതിലിന്റെ ജോയന്റ് കണ്‍വീനര്‍ ആക്കി.

മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ‘കേരളത്തെ ഭ്രാന്താലയമാക്കരുത്’ എന്ന മുദ്രാവാക്യമുയര്‍ത്തി ജനുവരി ഒന്നിന് സംഘടിപ്പിക്കുന്ന വനിതാ മതിലിന്റെ ജോയന്റ് കണ്‍വീനറായിട്ടാണ് സി പി സുഗതനെ മുഖ്യമന്ത്രി നിയമിച്ചത്. എന്നാല്‍ സുഗതനും നിലയ്ക്കലില്‍ തന്നെ ആക്രമിക്കാനുണ്ടായിരുന്നുവെന്ന് എന്‍ ഡി ടിവി റിപ്പോര്‍ട്ടര്‍ സ്‌നേഹ കോശി വെളിപ്പെടുത്തുന്നു. ഇയാള്‍ താനടക്കമുള്ള വനിതാ മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ചെന്നും , അധിക്ഷേപകരമായ അഭിസംബോധനകള്‍ നടത്തിയതെന്നും എന്‍ ഡി ടി വി റിപ്പോട്ടര്‍ സ്‌നേഹ കോശി ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു.

സുഗതന്‍ അടക്കമുള്ളവരാണ് ഞങ്ങളെ ( എന്‍ ഡി ടി വി ) റിപ്പോട്ടര്‍മാരെ ശബരിമലയില്‍ ആക്രമിക്കാന്‍ ശ്രമിക്കുകയും, മോശമായ കമന്റുകള്‍ കൊണ്ട് അധിക്ഷേപം നടത്തുകയും ചെയ്തത്. ഇതേ സുഗതന്‍ ആണ് ഹാദിയക്കെതിരെ ഏറ്റവും നീചമായ ആക്രോശങ്ങള്‍ നടത്തിയത്. അത്തരത്തില്‍ ഒരാളെ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ വനിതാ മതിലിന്റെ ജോയന്റ് കണ്‍വീനര്‍ ആയി നിയമിച്ചിരിക്കുന്നു.” സ്‌നേഹ കോശി പറഞ്ഞു.

എന്നാല്‍ വനിതാ മതില്‍ യുവതീപ്രവേശത്തിനാണെങ്കില്‍ പിന്മാറുമെന്ന് ഹിന്ദു പാര്‍ലമെന്റ് ജനറല്‍ സെക്രട്ടറി സി.പി. സുഗതന്‍ അറിയിച്ചിട്ടുണ്ട്. മതില്‍ യുവതീപ്രവേശവുമായി ബന്ധപ്പെട്ടല്ല. യുവതീപ്രവേശത്തെ താന്‍ അനുകൂലിക്കുന്നുമില്ല. സുപ്രീംകോടതിയില്‍ അന്തിമ തീരുമാനമാകുംവരെ യുവതീപ്രവേശം പാടില്ലെന്നാണ് നിലപാടെന്നും സുഗതന്‍ പറയുന്നു.