യു പിയില്‍ നടന്നത് പോലീസുകാരനെ കൊല്ലാനുണ്ടാക്കിയ ആസൂത്രിത സംഘര്‍ഷമെന്ന് ആരോപണം
ഗോവധത്തിന്റെ പേരില്‍ യുപിയിലെ ബുലന്ദ്ഷഹറില്‍ നടന്ന വ്യാപക അക്രമത്തിനിടയില്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാര്‍ കൊല്ലപ്പെട്ട സംഭവം ആസൂത്രിതമാണെന്ന സംശയം ബാലപ്പെടുന്നു.
കൊലപാതകത്തില്‍ അറസ്റ്റിലായ മുഖ്യപ്രതി ബജ്‌രംഗ്ദള്‍ നേതാവ് തന്നെയാണ് പശുക്കളെ കശാപ്പ് ചെയ്യുന്നത് കണ്ടു എന്ന പരാതിയും പോലീസിന് നല്‍കിയത്. അതുപോലെ പോലീസ് എഫ്‌ഐആറില്‍ പേരു ചേര്‍ക്കപ്പെട്ട 28 പേരില്‍ ബിജെപി, വിഎച്ച്പി, ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകരാണ്.
ഒന്നാം പ്രതിയായ യോഗേഷ് രാജിന് പുറമെ യുവമോര്‍ച്ച പ്രവര്‍ത്തകന്‍ ശിഖര്‍ അഗര്‍വാള്‍, വിഎച്ച്പി നേതാവ് ഉപേന്ദ്ര രാഘവ് എന്നിവരും പ്രതികളാണ്. കേസില്‍ അഞ്ച് പേരാണ് ഇതുവരെ അറസ്റ്റിലായിട്ടുള്ളത്.
പശുക്കളെ കൊന്നു എന്ന പേരില്‍ പ്രതിഷേധവും അക്രമവും നടത്തിയവരെല്ലാം ഈ സംഘടനകളില്‍ പെട്ടവരാണെന്നാണ് പോലീസ് പറയുന്നു. ചോദ്യം ചെയ്യലിലാണ് പ്രധാന പ്രതിയായ യേഗേഷ് പശുക്കളെ കശാപ്പ് ചെയ്യുന്നതിന് താന്‍ ദൃക്‌സാക്ഷിയാണെന്ന് മൊഴി നല്‍കിയത്.
പുലര്‍ച്ചെ കാട്ടിനു സമീപം ന്യൂനപക്ഷ സമുദായക്കാരായ ആറ് പേര്‍ ചേര്‍ന്ന് ഗോക്കളെ കൊല്ലുന്നത് കണ്ടു എന്നാണ് ഇയാളുടെ മൊഴി. കരിമ്പുപാടത്ത് കെട്ടിത്തൂക്കിയ നിലയിലായിരുന്നു പശുക്കളുടെ അവശിഷ്ടങ്ങള്‍ എന്ന് സംഭവസ്ഥലത്ത് ആദ്യമെത്തിയ അധികൃതരില്‍ ഒരാളായ തഹസില്‍ദാര്‍ രാജ്കുമാര്‍ പറയുന്നു. രാവിലെ 11 മണിയോടെയാണ് വിവരം അറിഞ്ഞതെന്നും അദ്ദേഹം പറയുന്നു.
എന്നാല്‍ തലേദിവസം രാത്രിവരെ അവിടെ അങ്ങനെയൊന്നും കണ്ടിരുന്നില്ലെന്ന് സ്ഥലവാസികള്‍ ഉറപ്പിച്ചു പറയുന്നു. അതുപോലെ പശുക്കളെ കശാപ്പ് ചെയ്താല്‍ പോലും സംസ്ഥാനത്തെ സാഹചര്യം അറിയുന്ന ആരും അവശിഷ്ടങ്ങള്‍ പരസ്യമായി പ്രദര്‍ശിപ്പിക്കാന്‍ ധൈര്യപ്പെടില്ലെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.
വിവരം അറിഞ്ഞു തടിച്ചുകൂടിയ ഹിന്ദു യുവവാഹിനി, ബജ് രംഗ്ദള്‍, വിഎച്ച്പി പ്രവര്‍ത്തകര്‍ ഈ അവശിഷ്ടങ്ങള്‍ ട്രാക്ടറില്‍ കയറ്റി അതുമായി ബുലന്ദ്ഷഹറില്‍ ദേശീയപാത ഉപരോധിക്കുകയായിരുന്നു.
അതുമാത്രമല്ല പ്രതിഷേധിക്കാനായി ഇവര്‍ തിരഞ്ഞെടുത്ത സ്ഥലവും സമയവും സംശയം ബലപ്പെടുത്തുന്ന മറ്റൊരു സംഗതിയാണ്. പ്രതിഷേധക്കാര്‍ തമ്പടിച്ചതിനോട് ചേര്‍ന്ന് മുസ്ലീം പള്ളിയുണ്ടെന്നതും പ്രത്യേക പ്രാര്‍ത്ഥനകള്‍ക്കായി ലക്ഷക്കണക്കിനാളുകളാണ് തിങ്കളാഴ്ച എത്തിയത് എന്നതും ദുരൂഹത വര്‍ധിപ്പിക്കുന്നു.
പള്ളിയില്‍നിന്ന് മടങ്ങുന്നവര്‍ വരുന്ന വഴിയിലാണ് ഗോസംരക്ഷകരെന്ന വ്യാജേന ആള്‍ക്കൂട്ടം തടിച്ചുകൂടിയത്. സംഘര്‍ഷവും വര്‍ഗീയകലാപത്തിനുള്ള സാധ്യതയും മുന്നില്‍ക്കണ്ട് സുബോധ് കുമാര്‍ അടങ്ങുന്ന പോലീസ് സംഘം അവിടേക്ക് പാഞ്ഞെത്തുകയായിരുന്നു. സുബോധ് കുമാറും സംഘവും പ്രതിഷേധക്കാരുമായി സംസാരിച്ച് പ്രതിഷേധം തണുപ്പിക്കാന്‍ ശ്രമിച്ചു. പ്രശ്‌നം ഗ്രാമത്തില്‍ തന്നെ പറഞ്ഞുതീര്‍ക്കാന്‍ ശ്രമിച്ചതായി തഹസില്‍ദാര്‍ തന്നെ പറയുന്നു.
എന്നാല്‍ പശുക്കളെ കൊന്നു എന്ന പേരില്‍ തുടങ്ങിയ സംഘര്‍ഷം പോലീസുകാരന്റെ കൊലപാതകത്തിലേക്ക് നയിച്ചതാണ് സംഭവത്തിലെ പ്രധാന വഴിത്തിരിവ്. കല്ലെറിഞ്ഞ് കൊലപ്പെടുത്തി എന്നായിരുന്നു തുടക്കത്തില്‍ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍, പിന്നാലെ വന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും ദൃക്സാക്ഷികളുടെ മൊഴികളും പുറത്തുവന്നതോടെ പോലീസുകാരന്‍ മരിച്ചത് വെടിയേറ്റാണ് എന്ന് തെളിയുകയായിരുന്നു.
പോലീസിന് നേര്‍ക്ക് വെടിവെപ്പുണ്ടാകുമ്പോള്‍ മറ്റ് പോലീസുകാരില്‍നിന്ന് സുബോധ് കുമാര്‍ എങ്ങനെ ഒറ്റപ്പെട്ടു എന്ന ചോദ്യവും ഉയരുന്നുണ്ട്. ഇതേക്കുറിച്ചും അന്വേഷിക്കുമെന്ന് പ്രത്യേക സംഘം അറിയിച്ചു.
വളരെ ആസൂത്രിതമായി ദ്ദേഹത്തെ തനിച്ചാക്കി മറ്റ് പോലീസുകാര്‍ മാറിനിന്നതായി ദൃക്സാക്ഷികള്‍ മൊഴി നല്കിയിട്ടുണ്ട്. തുടര്‍ന്നായിരുന്നു അദ്ദേഹത്തിന് നേരെ വെടിയുതിര്‍ത്തത്. ഇടത് പുരികത്തിന് സമീപം തുളച്ചുകയറിയ വെടിയുണ്ടയാണ് തലയോട്ടി തകര്‍ന്നുള്ള മരണത്തിന് കാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.