പ്രളയദുരിതാശ്വാസ കണക്കുകൾ ; പ്രതിപക്ഷം ഇറങ്ങിപ്പോയി
സംസ്ഥാനത്ത് പ്രളയദുരിതാശ്വാസം വൈകുന്നതിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയത്തിന് കണക്കുകള്‍ നിരത്തി മറുപടി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രളയദുരിതാശ്വാസത്തിന് തുക നല്‍കുന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ കേരളത്തോട് കാണിയ്ക്കുന്ന അവഗണനയ്‌ക്കെതിരെ ഒരുമിച്ച് ശബ്ദമുയര്‍ത്തണമെന്ന് പ്രതിപക്ഷത്തിന് തോന്നിയ വീണ്ടുവിചാരം സ്വാഗതാര്‍ഹമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇതുവരെ നല്‍കിയ നഷ്ടപരിഹാരത്തുകയുടെ വിശദാംശങ്ങളും ഐക്യരാഷ്ട്രസഭയുടെയും ലോകബാങ്കിന്റെയും റിപ്പോര്‍ട്ടുകളുടെ കണ്ടെത്തലുകളും മുഖ്യമന്ത്രി സഭയില്‍ വായിച്ചു.
സാലറി ചാലഞ്ചുള്‍പ്പടെയുള്ള പദ്ധതികള്‍ക്കെതിരെ പ്രതിപക്ഷം രംഗത്തു വന്നതിനെയും മുഖ്യമന്ത്രി മറുപടി പ്രസംഗത്തില്‍ വിമര്‍ശിച്ചു. പ്രളയപുനര്‍നിര്‍മാണപദ്ധതികള്‍ ഒരുമിച്ച് നടപ്പാക്കേണ്ട സമയത്ത് പ്രതിപക്ഷം അതില്‍ നിന്ന് മാറി നടക്കാന്‍ ശ്രമിച്ചതായും മുഖ്യമന്ത്രി ആരോപിച്ചു. 1500 കോടി രൂപയാണ് സാലറി ചാലഞ്ചിലൂടെ സമാഹരിയ്ക്കാന്‍ ഉദ്ദേശിയ്ക്കുന്നത്.
23/11/18 വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 2733 കോടി 70 ലക്ഷം രൂപയാണ് കിട്ടിയത്. ഇതില്‍ ജീവനക്കാരുടെ ഭാഗത്തു നിന്ന് 488 കോടി 60 ലക്ഷം രൂപയാണ് സമാഹരിയ്ക്കപ്പെട്ടിട്ടുള്ളത്. സര്‍ക്കാര്‍ ജീവനക്കാരില്‍ 59.5 ശതമാനം ജീവനക്കാരും സാലറി ചാലഞ്ചില്‍ പങ്കാളികളായിട്ടുണ്ട്. സുപ്രീംകോടതി വിധിപ്രകാരം സമ്മതപത്രം വാങ്ങി മാത്രമാണ് തുക ഈടാക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തിന്റെ ദുരന്തപ്രതികരണനിധിയില്‍ 989 കോടി രൂപയാണ് ലഭിച്ചതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
അതേസമയം പ്രളയ ദുരിതാശ്വാസത്തില്‍ സര്‍ക്കാരിന് വ്യാപകമായി പാളിച്ച പറ്റിയെന്ന് അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ച വി.ഡി.സതീശന്‍ എംഎല്‍എ ആരോപിച്ചു. 100 ദിവസമായിട്ടും സഹായം കിട്ടാത്ത അര്‍ഹരായ ദുരിതബാധിതരുണ്ടെന്നും പ്രമേയത്തില്‍ വി.ഡി.സതീശന്‍ വ്യക്തമാക്കി.
20 ശതമാനം പേര്‍ക്ക് ഇപ്പോഴും 10,000 രൂപ കിട്ടിയിട്ടില്ല. രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ക്ക് നഷ്ടപരിഹാരം നല്‍കിയില്ല. മത്സ്യത്തൊഴിലാളികള്‍ക്ക് പ്രഖ്യാപിച്ച തുക നല്‍കിയില്ല. 100 ദിവസം കഴിഞ്ഞിട്ടും രക്ഷാപ്രവര്‍ത്തനം നടത്തിയ മത്സ്യത്തൊഴികളുടെ തോണി പോലും നന്നാക്കിയിട്ടില്ല. മത്സ്യത്തൊഴികളുടെ വീട് പട്ടിണിയിലാണ്. വീട് നഷ്ടപ്പെട്ടവര്‍ക്ക് താത്ക്കാലിക പരിഹാരം ഒരുക്കാനും കഴിഞ്ഞില്ലെന്നും അദ്ദേഹം ആരോപിച്ചു.
എന്നാല്‍ യുഎഇയില്‍ നിന്ന് ധനസഹായം നിഷേധിയ്ക്കപ്പെട്ടതിലൂടെ ആയിരക്കണക്കിന് കോടി രൂപയാണ് നഷ്ടമായതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. എം.എ.യൂസഫലി വ്യക്തമാക്കിയത് അനുസരിച്ചാണ് യുഎഇ ധനസഹായത്തെക്കുറിച്ച് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. മുന്‍പ് ഗുജറാത്തിനും വിദേശധനസഹായം കിട്ടിയിട്ടുണ്ട്. യുഎഇ സഹായം കിട്ടിയതിന് പിറ്റേന്ന് നന്ദി അറിയിച്ച് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തതുമാണ്. യുഎഇ ധനസഹായം നല്‍കിയാല്‍ സൗദി ഉള്‍പ്പടെയുള്ള രാജ്യങ്ങളും സഹായം നല്‍കിയേനെ. അങ്ങനെ ആയിരക്കണക്കിന് കോടി രൂപയാണ് നഷ്ടമായതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.