മീ ടൂ ക്യാമ്പയിന്‍ ; സ്ത്രീ സഹപ്രവര്‍ത്തകരെ ഒഴിവാക്കി വാള്‍ സ്ട്രീറ്റ് ; സ്ത്രീകള്‍ക്ക് കടുത്ത അവഗണന
മീടു ക്യാമ്പയിനെ തുടര്‍ന്ന് അമേരിക്കന്‍ ധനകാര്യ രംഗത്ത് സ്ത്രീ സഹപ്രവര്‍ത്തകരെ ഒഴിവാക്കുന്ന പ്രവണത പടരുന്നു. പെന്‍സ് ഇഫക്ട് എന്ന പേരില്‍ അറിയപ്പെടുന്ന മീടു ക്യാമ്പയിനോടുളള ഭയമാണ് അമേരിക്കന്‍ ധനകാര്യ മേഖലയെ ഇപ്പോള്‍ പിടികൂടിയിരിക്കുന്നത്. അമേരിക്കന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിന്റെ പരാമര്‍ശമാണ് അന്താരാഷ്ട്ര ധനകാര്യ സംവിധാനത്തിന്റെ തലസ്ഥാനമായ വാള്‍ സ്ട്രീറ്റിനെയും അമേരിക്കന്‍ ധനകാര്യ മേഖലയേയും പിടിച്ചു കുലുക്കിയിരിക്കുന്നത്.
‘ഭാര്യ അല്ലാതെ മറ്റ് സ്ത്രീകളോടൊപ്പം ഞാന്‍ ഇപ്പോള്‍ ഒറ്റയ്ക്ക് അത്താഴം കഴിക്കാറില്ല’യെന്നാണ് മൈക്ക് പെന്‍സ് മീടു ക്യാമ്പയിനെ സംബന്ധിച്ച് പ്രതികരിച്ചത്. പെന്‍സിന്റെ പരാമര്‍ശം വാള്‍ സ്ട്രീറ്റ് ഏറ്റെടുത്തതോടെ അമേരിക്കന്‍ ധനകാര്യ മേഖലയില്‍ സ്ത്രീകളോട് അവഗണന വ്യാപകമായി.
സഹപ്രവര്‍ത്തകരായ സ്ത്രീകളോടൊപ്പം അത്താഴം കഴിക്കുന്നത് ഒഴിവാക്കുക, വിമാനയാത്രകളില്‍ സ്ത്രീകളോടൊപ്പം ചെലവിടുന്നത് ഒഴിവാക്കുക, ഒറ്റയ്ക്ക്- ഒറ്റയ്ക്കുളള യോഗങ്ങള്‍ ഒഴിവാക്കുക, ഹോട്ടല്‍ ബുക്ക് ചെയ്യുമ്പോള്‍ അടുത്ത മുറികള്‍ എടുക്കാതിരിക്കുക തുടങ്ങിയ സമീപനമാണ് ഇന്ന് വാള്‍ സ്ട്രീറ്റുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മിക്ക ബിസിനസ് എക്‌സിക്യൂട്ടിവുകളും സ്വീകരിക്കുന്ന നിലപാട്. ഇതോടെ, സ്ത്രീകള്‍ക്ക് ധനകാര്യ രംഗത്ത് വലിയ അവഗണന നേരിട്ടുതുടങ്ങി.
മോര്‍ഗന്‍ സ്റ്റാന്‍ലിയുടെ മുന്‍ മാനേജിംഗ് ഡയറക്ടറായിരുന്ന ഡേവിഡ് ബഹന്‍സെന്‍ പ്രതികരിച്ചത് ഈ വിധമാണ്. ‘മീടു ക്യാമ്പയിന്‍ ശക്തമായി തുടരുന്നത് പലര്‍ക്കും മുട്ടത്തോടിന് മുകളിലൂടെ നടക്കുന്നതിന്റെ തോന്നല്‍ ഉളവാക്കുവെന്നാണ്’. സാമൂഹികമായ മാന്യതയും നിയമ നടപടികളെ സംബന്ധിച്ച പേടിയുമാണ് പലരെയും ഇത്തരം ജാഗ്രത മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാന്‍ പ്രേരിപ്പിക്കുന്നതെന്ന് എക്‌സിക്യൂട്ടീവുകള്‍ അഭിപ്രായപ്പെട്ടു.
ഹോളിവുഡിനെയും സിലിക്കന്‍ വാലിയെയും പിടിച്ചുകുലുക്കിയ മീടു ക്യാമ്പയിന്‍ വാള്‍ സ്ട്രീറ്റിനെയും പ്രതിസന്ധിയിലാക്കുമോ എന്ന ഭയത്തിലാണിപ്പോള്‍ ആഗോള സാമ്പത്തിക രംഗം. പുരുഷന്മാരുടെ ആധിപത്യം കൂടുതലായ വാള്‍സ്ട്രീറ്റില്‍ മീടു ആരോപണങ്ങളുയര്‍ന്നാല്‍ അത് ധനകാര്യ മേഖലയ്ക്ക് വലിയ ഭീഷണിയാവുമെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ പറയുന്നു.
‘ഇത് തങ്ങളുടെ തൊഴില്‍ ജീവിതത്തെ ബാധിക്കുന്നതിനാല്‍ ഇത് കൈകാര്യം ചെയ്യുന്നതെങ്ങനെയെന്ന് ചിന്തിക്കാന്‍ സ്ത്രീകള്‍ ശ്രമിക്കുന്നു’ എന്നാണ് ഫിനാന്‍ഷ്യല്‍ വുമണ്‍സ് അസോസിയേഷന്‍ പ്രസിഡന്റ് കാരന്‍ എലിന്‍സ്‌കി അഭിപ്രായപ്പെട്ടത്. ‘സ്ത്രികള്‍ക്ക് ഇതൊരു വലിയ നഷ്ടമാണെന്നും’ വെല്‍സ് ഫാര്‍ഗോ ആന്‍ഡ് കമ്പനി സീനിയര്‍ വൈസ് പ്രസിഡന്റ് കൂടിയായ അവര്‍ പറയുന്നു.