ബാറുകളിലും ബിയര്‍ പാര്‍ലറുകളിലും ഇനി വിദേശ നിർമിത വിദേശമദ്യവും

കേരളത്തിലെ ബാറുകളിലും ബിയര്‍ പാര്‍ലറുകളിലും വിദേശ നിര്‍മ്മിത മദ്യവും വിദേശ ബിയറും വൈനും വില്‍ക്കാന്‍ സര്‍ക്കാര്‍ അനുമതി. ഇതുമായി ബന്ധപ്പെട്ട് നേരത്തെ ഉണ്ടായിരുന്ന ഉത്തരവില്‍ വ്യക്തത വരുത്തി എക്‌സൈസ് കമ്മീഷണര്‍ പുതിയ ഉത്തരവ് പുറത്തിറക്കി. ബെവ്‌ക്കോ വെയര്‍ ഹൗസുകളില്‍ നിന്നും ഇനി ബാറുകള്‍ക്ക് വിദേശ നിര്‍മ്മിത വിദേശ മദ്യവും വാങ്ങാം. ബെവ്‌ക്കോ ഔട്ട് ലെറ്റുകള്‍ വഴിയായിരുന്നു ഇതുവരെ വിദേശ നിര്‍മ്മിത ഫോറിന്‍ ലിക്കര്‍ വില്‍പ്പന നടത്തിയിരുന്നത്.

ഓഗസ്റ്റ് 20 മുതലാണ് ബെവ്‌ക്കോ ഔട്ട് ലെറ്റുകള്‍ വഴി വിദേശ നിര്‍മ്മിത വിദേശ മദ്യം വിറ്റ് തുടങ്ങിയത്. 4 വിതരണക്കാരുടെ 30 ബ്രാന്റുകളാണ് ഇപ്പോള്‍ വില്‍ക്കുന്നത്. ഇതുവരെ 6 കോടിയുടെ വില്‍പ്പനയാണ് നടന്നത്. കരാര്‍ ഒപ്പിട്ടുള്ള മറ്റ് അഞ്ച് വിതരണക്കാരുടെ പുതിയ ബ്രാന്‍ഡുകളും വൈകാതെ വിപണിയില്‍ എത്താനിരിക്കെയാണ് ബാറുകള്‍ക്കും വിദേശ മദ്യം വില്‍ക്കാന്‍ അനുമതി നല്‍കിയത്. വിദേശ നിര്‍മ്മിത വിദേശ മദ്യം വില്‍ക്കാന്‍ നേരത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ എക്‌സൈസ് നിയമത്തില്‍ ഭേദഗതി കൊണ്ടുവന്നിരുന്നു.