ഭാര്യക്ക് ഓണ്‍ലൈന്‍ വഴി ഐ ഫോണ്‍ വാങ്ങിയ സിനിമാ താരത്തിന് ലഭിച്ചത് ചൈനീസ് ഫോണ്‍

ഓണ്‍ലൈന്‍ ഷോപ്പിങ്ങില്‍ കുടുങ്ങി സിനിമാ താരവും. തമിഴ് യുവനടന്‍ നകുല്‍ ആണ് തന്റെ ഭാര്യക്ക് വിവാഹ വാര്‍ഷികത്തില്‍ ഐ ഫോണ്‍ വാങ്ങി അബദ്ധത്തില്‍ ചാടിയത്. താരത്തിന് ഫ്‌ലിപ് കാര്‍ട്ടിലൂടെ ലഭിച്ചത് വ്യാജ ഫോണെന്ന് താരം പറയുന്നു.

വിവാഹ വാര്‍ഷികത്തില്‍ ഭാര്യ ശ്രുതിക്ക് സമ്മാനിക്കാനായാണ് നകുല്‍ 1.25 ലക്ഷം രൂപ വിലയുള്ള ഐഫോണ്‍ എക്‌സ് ഓര്‍ഡര്‍ ചെയ്തത്. ഇത് സംബന്ധിച്ച പരാതി നല്‍കിയിട്ടും നടപടിയെടുക്കാന്‍ കമ്പനി തയ്യാറായില്ലെന്ന് താരം കുറ്റപ്പെടുത്തുന്നു.

നവംബര്‍ 29നാണ് നകുല്‍ ഫ്‌ലിപ് കാര്‍ട്ട് വഴി ഫോണ്‍ ബുക്ക് ചെയ്തത്. പിറ്റേദിവസം തന്നെ ഫോണ്‍ വീട്ടിലെത്തിയെങ്കിലും നകുലും കുടുംബവും സ്ഥലത്തില്ലാതിരുന്നതിനാല്‍ ഡിസംബര്‍ ഒന്നിനാണ് പാഴ്‌സല്‍ തുറന്ന് നോക്കാന്‍ സാധിച്ചത്. പ്ലാസ്റ്റിക് കൊണ്ട് നിര്‍മ്മിച്ചതുപോലുള്ള വ്യാജ കവറായിരുന്നു ഫോണിനെന്നും സോഫ്റ്റ്വെയര്‍ ഐഒഎസ് ആയിരുന്നില്ലെന്നും നകുല്‍ പറയുന്നു.

ഉടന്‍ തന്നെ ഫ്‌ലിപ് കാര്‍ട്ടിലേക്ക് വിളിച്ചെങ്കിലും തങ്ങള്‍ക്ക് ഒന്നും ചെയ്യാനാകില്ലെന്നും ഏതെങ്കിലും ആപ്പിള്‍ സ്റ്റോറില്‍ പരാതി നല്‍കാനും അവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ജീവനക്കാരനുമായി നടന്ന തര്‍ക്കത്തിനൊടുവില്‍ ഫോണ്‍ തിരികെ വാങ്ങാന്‍ ആളെത്തുമെന്നും പണം തിരികെ നല്‍കുമെന്നും അറിയിച്ചതായി നകുല്‍ പറഞ്ഞു.

ഫ്‌ലിപ് കാര്‍ട്ടിന്റെ നിലപാട് പ്രതിഷേധാര്‍ഹമാണെന്നും കൂടുതല്‍ പരാതികളുമായി മുന്നോട്ടുപോകാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും നകുല്‍ വിശദമാക്കി. ഐ ഫോണിന്റെ ചൈനീസ് വ്യാജനാണ് താരത്തിന് ലഭിച്ചത്.