കെ എം മാണിയെയും മകനെയും നാടുകടത്തണം എന്ന് ജനപക്ഷം
കേരളാ കോണ്ഗ്രസ് എം നേതാക്കളായ കെ എം മാണിയെയും മകന്‍ ജോസ് കെ മാണിയെയും നാടുകടത്തണം എന്ന് ജനപക്ഷം. കഴിഞ്ഞ അഞ്ച് പതിറ്റാണ്ട് കാലമായി ഇവിടുത്തെ റബ്ബര്‍ കമ്പനികളുടെ ദല്ലാളായി നിന്ന് കാലാകാലങ്ങളായി റബ്ബര്‍ കര്‍ഷകരെ റബ്ബര്‍ കമ്പനികള്‍ക്ക് ഒറ്റുകൊടുത്ത് പ്രതിഫലം വാങ്ങി മാറി മാറി വരുന്ന മന്ത്രിസഭകളില്‍ കര്‍ഷകരുടെ പ്രതിനിധിയായി കപട കര്‍ഷക സ്‌നേഹിയായി നടിക്കുന്ന മാണിയേയും മകനെയുമാണ് കേരള സംസ്ഥാനത്ത് നിന്ന് നാട് കടത്തേണ്ടതെന്ന് കേരള യുവജനപക്ഷം സംസ്ഥാന പ്രസിഡന്റ് അഡ്വ.ഷൈജോ ഹസ്സന്‍ പറഞ്ഞു.
കേരളത്തിലേക്ക് ഏറ്റവും കൂടുതല്‍ അസംസ്‌കൃത റബ്ബര്‍ ഇറക്കുമതി ചെയ്യുന്ന റിലയന്‍സിന്റെ ഏജന്റ് കൂടിയായ റോയല്‍ ഡിസ്ട്രിബ്യൂട്ടേഴ്‌സ് & പ്രൈവറ്റ് ലിമിറ്റഡിന്റെ കേരളത്തിലെ ഏജറ്റും പാര്‍ട്ട്ണറുമാണെന്ന് സ്വയം രാജ്യസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ ജോസ് കെ.മാണി തന്നെ സത്യവാങ്മൂലത്തില്‍ സമ്മതിച്ചിട്ടുള്ളതാണ് .കേരളത്തിലെ കര്‍ഷകരെ കാലാകാലങ്ങളായി റബ്ബര്‍ വില ഇടിവുണ്ടാകുമ്പോള്‍ നേര്‍ച്ച പോലെ റബ്ബര്‍ ബോര്‍ഡിന് മുന്നില്‍ സമരങ്ങള്‍ നടത്തി പ്രഹസനമായി മാറിയ തട്ടിപ്പ് കമ്പനിയായി കേരള കോണ്‍ഗ്രസ് മാറിയെന്നും ഈ കാപട്യം കേരളത്തിലെ കര്‍ഷകര്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഷൈജോ ഹസ്സന്‍ ആരോപിക്കുന്നു.