കലാപത്തിനിടയില്‍ ഇടയില്‍ ഇന്‍സ്പെക്ടറുടെ കൊലപാതകം : മുഖ്യപ്രതിയായ ബജറംഗ്ദള്‍ നേതാവ് അറസ്റ്റില്‍

ഗോഹത്യയുടെ പേരില്‍ നടന്ന ആള്‍ക്കൂട്ട ആക്രമണത്തിനിടെ പോലീസ് സബ് ഇന്‍സ്പെക്ടര്‍ സുബോധ് കുമാര്‍ സിങ് വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ മുഖ്യപ്രതി പിടിയില്‍. ബജ്രറംഗ്ദള്‍ നേതാവായ യോഗേഷ് രാജാണ് പൊലീസ് പിടിയിലായത്. പശുക്കളെ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പൊടുന്നനെയുണ്ടായ കലാപത്തിനിടയിലാണ് ബുലന്ദ്ഷഹര്‍ സ്റ്റേഷന്‍ ഓഫീസറായ സുബോധ് കുമാര്‍ കൊലപ്പെട്ടത്. വെടിയേറ്റ നിലയില്‍ കാറിനുള്ളിലാണ് പോലീസ് ഉദ്യോഗസ്ഥന്റെ ശരീരം കണ്ടെത്തിയത്.

സുബോധ് കുമാര്‍ സിംഗിന്റെ തലയ്ക്ക് മാരകമായി മുറിവേറ്റതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു. കലാപത്തിന് ശേഷം 3 ദിവസമായി ഒളിവിലായിരുന്ന യോഗേഷ് രാജിനെ കലാപത്തിന് ആഹ്വാനം ചെയ്ത കേസ് ചുമത്തിയാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരം. അതേസമയം ഇന്‍സ്‌പെക്ടറുടെ കൊലപാതകത്തിലും കലാപത്തിലും തനിക്ക് പങ്കില്ലെന്ന് ഇയാള്‍ പറയുന്ന വീഡിയോ ക്ലിപ്പ് നേരത്തെ പുറത്തു വന്നിരുന്നു.

വ്യാഴാഴ്ച രാവിലെ സുബോധ് കുമാര്‍ സിങ്ങിന്റെ കുടുംബം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കാണാനെത്തിയിരുന്നു. നീതി ഉറപ്പാക്കുമെന്ന് ഉറപ്പു നല്‍കിയതായി കൂടിക്കാഴ്ചയ്ക്കു ശേഷം സുബോധ് കുമാറിന്റെ മകന്‍ മാധ്യമങ്ങളോടു പറഞ്ഞു. ബീഫ് കൈവശം വെച്ചു എന്ന പേരില്‍ 2015ല്‍ ദാദ്രിയില്‍ അഖ്ലാഖ് എന്നയാളെ ഗോമാംസം കൈവശം വച്ചുവെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം തല്ലിക്കൊന്ന കേസ് അന്വേഷിച്ചത് സുബോധ് കുമാര്‍ സിങ്ങായിരുന്നു. അതുകൊണ്ടുതന്നെ സുബോധിനെ ആസൂത്രിതമായി കൊലപ്പെടുത്തുകയായിരുന്നുവെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്.