പുരട്ച്ചി തലൈവി ആയി നിത്യ മേനോന്‍


തമിഴകത്തിന്റെ അമ്മ മണ്‍മറഞ്ഞ പുരട്ച്ചി തലൈവി ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കി സിനിമ വരുന്നു. കഴിഞ്ഞ ദിവസം പുറത്തുവന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക് പോസ്റ്റര്‍ കണ്ട തമിഴകവും സോഷ്യല്‍ മീഡിയയും അക്ഷരാര്‍ഥത്തില്‍ അമ്പരന്നു. ‘അയണ്‍ ലേഡി’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നായികയാകുന്നത് നിത്യ മേനോന്‍ ആണ്. സംവിധായകന്‍ മിഷ്‌കിന്റെ അസോഷ്യേറ്റായിരുന്ന പ്രിയദര്‍ശിനിയാണ് ചിത്രം സംവിധാവം ചെയുന്നത്.

ഫസ്റ്റ്‌ലുക്ക് പോസ്റ്ററില്‍ കണ്ട ജയലളിതയുടേയും നിത്യയുടെയും രൂപസാദൃശ്യം സിനിമ ആസ്വാദകരെയാകെ ഞെട്ടിച്ചു. ജയലളിതയുടെ രണ്ടാം ചരമവാര്‍ഷികത്തിലാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വന്നത്. ശരത് കുമാറിന്റെ മകള്‍ വരലക്ഷ്മിയെയാണ് ഇതിലേക്ക് ആദ്യം പരിഗണിച്ചത് എന്നും ഒരു അഭ്യൂഹമുണ്ട്. അങ്ങനെയിരിക്കുമ്പോള്‍ ആണ് നിത്യാമേനോനെ വച്ചുള്ള ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വരുന്നതും സിനിമാലോകം ഞെട്ടുന്നതും. എന്നാല്‍ വരലക്ഷ്മി ശശികലയായി ആണ് ചിത്രത്തില്‍ എത്തുന്നത്.

പ്രിയദര്‍ശിനിയുടെ ആദ്യ സ്വതന്ത്ര സംരംഭമാണ് ചിത്രം. ജയലളിത ആദ്യമായി അഭിനയിച്ച ‘വെണ്‍നിറ ആടൈയുടെ കാലം മുതല്‍ അപ്പോളോ ആശുപത്രിയിലെ അവസാന നാളുകള്‍ വരെയുള്ള സംഭവബഹുലമായ ജീവിതമാണ് അവതരിപ്പിക്കുന്നത്. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ നാല് ഭാഷകളിലാണ് ചിത്രം പുറത്തു വരുന്നത്. അടുത്ത കൊല്ലം മാര്‍ച്ചില്‍ ചിത്രം റിലീസ് ചെയ്യാനാണ് അണിയറ പ്രവര്‍ത്തകര്‍ ഉദ്ദേശിക്കുന്നത്.

ഇത് കൂടാതെ മറ്റൊരു പ്രമുഖ സംവിധായകന്‍ ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കി ഒരു ചിത്രം ഒരുക്കുന്നുണ്ട്. ദൈവത്തിരുമകള്‍, മദ്രാസപട്ടിണം, തലൈവാ തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയ ആര്‍എല്‍ വിജയ് സംവിധാനം ചെയുന്ന ചിത്രത്തില്‍ നയന്‍താരയോ അനുഷ്‌കയോ നായികയാകാനുള്ള സാധ്യതയുണ്ടെന്നാണ് അറിയുന്നത്.