50 തികയാത്ത 40 യുവതികളെ ശബരിമലയില്‍ എത്തിക്കാന്‍ തമിഴ് ഹൈന്ദവസംഘടന


തമിഴ്നാട്ടിലെ ഹൈന്ദവസംഘടന 50 വയസ് തികയാത്ത 40 യുവതികളെ ശബരിമലയിലേയ്ക്ക് എത്തിക്കാന്‍ തയ്യാറെടുക്കുന്നു എന്ന് പോലീസിന് രഹസ്യ റിപ്പോര്‍ട്ട് ലഭിച്ചിരിക്കുന്നു. ദക്ഷിണമേഖലാ എഡിജിപി അനില്‍കാന്ത് കോട്ടയം പത്തനംതിട്ട എസ്പിമാര്‍ക്കുമാണ്ക്കും നിലയ്ക്കലിലെയും പമ്പയിലെയും സന്നിധാനത്തെയും സ്പെഷ്യല്‍ പോലീസ് ഓഫീസര്‍മാര്‍ക്കും രഹസ്യറിപ്പോര്‍ട്ട് നല്‍കി. റിപ്പോര്‍ട്ടില്‍ സംഘടനയെയും നേതാക്കളെയും കുറിച്ചുള്ള വിവരങ്ങളും ലഭ്യമായിട്ടുണ്ട്.

ഹിന്ദു മക്കള്‍ കക്ഷി എന്ന സംഘടനയുടെ തമിഴ്നാട് സംസ്ഥാന പ്രസിഡന്റ് അര്‍ജുന്‍ സമ്പത്ത്, തിരുവള്ളൂര്‍ ജില്ലാ പ്രസിഡന്റ് സോമു രാജശേഖര്‍ എന്നിവരാണ് ഇതിന് നേതൃത്വം നല്‍കുന്നതെന്നാണ് രഹസ്യ വിവരം. ഒന്നാംഘട്ടമായാണ് 40 പേരെ അയയ്ക്കുന്നത്, ഇവരെ ആദ്യം വാവരുപള്ളിയിലേക്ക് എത്തിക്കുകയും അവിടെ നിന്നും സന്നിധാനത്ത് പ്രവേശിക്കാനുമാണ് ശ്രമമെന്നും സൂചനയുണ്ട്.

എരുമേലി വാവരുപള്ളിയെക്കൂടി വലിച്ചിഴയ്ക്കുന്നത് ശബരിമലയിലെ യുവതീപ്രവേശ വിഷയം കൂടുതല്‍ സങ്കീര്‍ണമാക്കാനാണ് എന്നും വിലയിരുത്തലുണ്ട്. യുവതികളുടെ സംഘം എപ്പോഴാണ് എത്തുന്നത് എന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ റിപ്പോര്‍ട്ടിലില്ല. സുരക്ഷാച്ചുമതലയുള്ള ഉന്നത പോലീസുദ്യോഗസ്ഥര്‍ക്ക് എഡിജിപി അതീവ ജാഗ്രതപുലര്‍ത്തണമെന്നും തുടര്‍നടപടികള്‍ സ്വീകരിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇത്തരത്തിലുള്ള നീക്കവുമായി ഒന്നിലേറെ ഹൈന്ദവസംഘടനകള്‍ തയ്യാറെടുക്കുന്നു എന്നും പോലീസിന് സംശയമുണ്ട്.