‘വെറുമൊരു മോഷ്ടാവായോരെന്നെ കള്ളനെന്നു വിളിക്കരുതേ..’


‘വെറുമൊരു മോഷ്ടാവായോരെന്നെ കള്ളനെന്നു വിളിക്കരുതേ..’

വായ്പയെടുത്ത മുഴുവന്‍ പണവും തിരികെ അടയ്ക്കാന്‍ തയ്യാറാണ്. പണം മോഷ്ടിച്ചവന്‍ എന്ന പ്രചാരണം ഇനിയെങ്കിലും അവസാനിപ്പിക്കണമെന്ന് വിജയ് മല്യ ട്വിറ്റ് ചെയ്തിരിക്കുന്നു. പണം മുഴുവന്‍ തിരികെ അടയ്ക്കാന്‍ തയ്യാറാണെന്നും ദയവ് ചെയ്ത് അത് സ്വീകരിക്കണമെന്നും മല്യ പറയുന്നു.

‘വളരെ ആദരപൂര്‍വ്വം ഞാന്‍ എന്റെ എല്ലാ വിമര്‍ശകരോടും അഭ്യര്‍ത്ഥിക്കുന്നു, എന്റെ നാടുകടത്തല്‍ തീരുമാനവും ദുബായില്‍ നിന്നും ഇപ്പോള്‍ നടന്ന നാടുകടത്തലും എന്തിനാണ് ഞാന്‍ പണം തിരികെ നല്‍കാമെന്ന എന്റെ ഒത്തുതീര്‍പ്പു വാഗ്ദാനവും തമ്മില്‍ ബന്ധപ്പെടുത്തുന്നത് എന്ന് എനിക്ക് മനസിലാകുന്നില്ല. ഞാന്‍ വീണ്ടും അഭ്യര്‍ത്ഥിക്കുകയാണ് ‘ദയവ് ചെയ്ത് പണം തിരികെ വാങ്ങു’. ഞാന്‍ കള്ളനാണെന്നും പണം കട്ടവനാണെന്നും ഉള്ള പ്രചാരണങ്ങള്‍ അവസാനിപ്പിക്കണം.

വായ്പ്പാ തട്ടിപ്പു നടത്തി ഇന്ത്യ വിട്ട വിജയ് മല്യ ഇപ്പോള്‍ ബ്രിട്ടണില്‍ ആണ് കഴിയുന്നത്. മല്യയെ തങ്ങള്‍ക്ക് കൈമാറണമെന്നു കാണിച്ച് ബ്രിട്ടീഷ് കോടതിയില്‍ ഇന്ത്യ നല്‍കിയ ഹര്‍ജിയില്‍ ബ്രിട്ടീഷ് കോടതിയുടെ വിധി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ വരും.