ബിജെപി പൂനെ ലോക്സഭാ സീറ്റില്‍ ഈ ബോളിവുഡ് താരസുന്ദരി മത്സരിക്കും

ബിജെപി 2019 ലോക്സഭാ തിരഞ്ഞെടുപ്പ് നേരിടാനൊരുങ്ങുന്നത് പ്രമുഖരെ അണി നിരത്തി തന്നെ. ‘സമ്പര്‍ക് സെ സമര്‍ത്ഥന്‍’ എന്ന പരിപാടിക്ക് തുടക്കമിട്ടത് തന്നെ ഇത് സാധ്യമാക്കാന്‍ വേണ്ടിയാണ്. ജനക്ഷേമത്തിനും രാജ്യപുരോഗതിക്കും വികസനത്തിനും വേണ്ടി നടത്തിയ മോഡി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുക, അവരുടെ അഭിപ്രായങ്ങള്‍ അറിയുക, 2019 തിരഞ്ഞെടുപ്പില്‍ ഈ പ്രമുഖരുടെ പിന്തുണ ഉറപ്പാക്കുക എന്നതാണ് ഔദ്യോഗികമായി ഈ പരിപാടിയുടെ ലക്ഷ്യമായി ബിജെപി പറഞ്ഞത്. എന്നാല്‍, ബോളിവുഡ്, ക്രിക്കറ്റ്, സിവില്‍ സര്‍വീസ്, ശാസ്ത്രജ്ഞ സാങ്കേതികവിദ്യ, കലാസാഹിത്യ രംഗം തുടങ്ങി വിവിധ മേഖലകളിലെ താരലിമയുള്ള പ്രമുഖരെ വലവീശിപ്പിടിച്ച് സ്ഥാനാര്‍ത്ഥികള്‍ ആക്കുകയാണ് ഇതുകൊണ്ട് അമിത് ഷാ ലക്ഷ്യം വയ്ക്കുന്നത്.


പൂനെ ലോക്സഭാ സീറ്റില്‍ മത്സരിക്കുന്നത് ബോളിവുഡ് താരസുന്ദരി മാധുരി ദീക്ഷിത് ആണ്. ‘സമ്പര്‍ക് സെ സമര്‍ത്ഥന്റെ ഭാഗമായും അല്ലാതെയും മധുരിയെ അമിത്ഷാ കണ്ടിരുന്നു. ഒരു പ്രമുഖ ബിജെപി നേതാവാണ് മാധുരിക്ക് പുണെ സീറ്റ് നല്‍കും എന്ന് വെളിപ്പെടുത്തിയത്.


80 കളുടെ അവസാനം മുതല്‍ 15 വര്‍ഷത്തോളം ബോളിവുഡ് സൂപ്പര്‍ താരമായി വാണിരുന്നു ‘നെനെ’ എന്ന് ആരാധകര്‍ വിളിക്കുന്ന മാധുരി ദീക്ഷിത്. ശ്രീദേവിയോടൊപ്പം തന്നെ, അല്ലെങ്കില്‍ അതിനേക്കാള്‍ ഏറേ ആരാധകരുണ്ടായിരുന്നു മധുരിക്ക്. ഇപ്പോഴും സജീവമായി ഡാന്‍സ് റിയാലിറ്റി ഷോകളിലും മറ്റുമായി പ്രേക്ഷകര്‍ക്കിടയില്‍ അതേ താരപ്പൊലിമയോടെ തിളങ്ങി നില്‍ക്കുകയാണ് ഇവര്‍.

ഡല്‍ഹിയിലോ പഞാബിലോ അക്ഷയ്കുമാറിനെയും, ഡല്‍ഹിയില്‍ അനുപം ഖേര്‍, മഹാരാഷ്ട്രയില്‍ നാനാ പടേക്കര്‍ എന്നിവരെയും ബിജെപി നിര്‍ത്തും എന്നും അറിയുന്നുണ്ട്. എംഎസ് ധോണിയെ റാഞ്ചിയില്‍ സ്ഥാനാര്‍ഥിയാക്കും എന്നും സ്ഥിരീകരിക്കാത്ത വിവരങ്ങള്‍ ഉണ്ട് മാര്‍ച്ച് മാസത്തോടുകൂടി തന്നെ ബിജെപിയുടെ സ്റ്റാര്‍ സ്ഥാനാര്‍ത്ഥികളുടെ പൂര്‍ണ്ണ ചിത്രം പുറത്തു വരും.