വിനോദയാത്ര അന്ത്യയാത്രയായി ; ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ ഭർത്താവ് ജീവനൊടുക്കി

കുടുംബത്തോടെയുല്‍ വിനോദയാത്ര അന്ത്യയാത്രയായി. മഹാരാഷ്ട്രയിലെ മഹാബലേശ്വറിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. മകന്റെ മുന്നില്‍വെച്ച് ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കി. അനില്‍ ഷിന്‍ഡെ(34)യാണ് ഭാര്യ സീമ(30)യെ പതിനൊന്ന് വയസ്സായ മകന്റെ മുന്നില്‍ വെച്ച് കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്.

വിനോദ യാത്രക്കായി മഹാബലേശ്വറില്‍ എത്തിയതാണ് കുടുംബം. സ്ഥലങ്ങള്‍ കണ്ട് തിരികെ ഹോട്ടല്‍ മുറിയിലേക്ക് മടങ്ങവേ അനിലും സീമയും തമ്മില്‍ കലഹമുണ്ടാകുകയായിരുന്നു. ഇതാണ് കൊലപാതകത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ചതെന്ന് പൊലീസ് പറയുന്നു. മകന്‍ ഉറങ്ങികിടന്ന സമയത്താണ് അനില്‍ കൃത്യം നടത്തിയത്.

ബഹളം കേട്ടുണര്‍ന്ന കുട്ടി അച്ഛന്‍ അമ്മയുടെ കഴുത്തില്‍ കത്തികൊണ്ട് കുത്തുന്നതാണ് കണ്ടത്. തുടര്‍ന്ന് ഭയന്ന് വിറച്ച് പുറത്തേക്കോടിയ കുട്ടി ഹോട്ടല്‍ അധികൃതരെ വിവരമറിയിച്ചു. ഈ സമയം കൊണ്ട് അനില്‍ ഷിന്‍ഡെ സ്വയം കഴുത്തറുത്തിരുന്നു. പൊലീസെത്തി ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

അതേ സമയം ദമ്പതികള്‍ തമ്മിലുള്ള കലഹത്തിന് കാരണമെന്തെന്ന് ഇനിയും വ്യക്തമായിട്ടില്ലെന്നും അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു. വീട്ടില്‍ നിന്നും ഇറങ്ങിയ സമയം ഇരുവരും തമ്മില്‍ പ്രശ്‌നങ്ങള്‍ ഒന്നും ഇല്ലായിരുന്നു എന്ന് ബന്ധുക്കള്‍ പറയുന്നു.