ഫെബ്രുവരിയിൽ യു.എ.ഇ. സന്ദർശിക്കുവാന്‍ തയ്യറായി മാര്‍പ്പാപ്പ
ആഗോള കത്തോലിക്കാ സഭാധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ഫെബ്രുവരിയില്‍ യു.എ.ഇ. യിലെത്തും. ഫെബ്രുവരി മൂന്ന് മുതല്‍ അഞ്ചുവരെയാകും സന്ദര്‍ശനം. അബുദാബി കിരീടാവകാശിയും യു.എ.ഇ.സായുധസേനയുടെ ഉപസര്‍വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെയും വിശ്വാസികളുടെയും ക്ഷണം സ്വീകരിച്ചാണ് സന്ദര്‍ശനമെന്ന് വത്തിക്കാന്‍ അറിയിച്ചു.
സന്ദര്‍ശന വാര്‍ത്ത സ്വാഗതം ചെയ്യുന്നതായി യു.എ.ഇ.വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ട്വിറ്ററിലൂടെ അറിയിച്ചു.
പരസ്പരം കൂടുതല്‍ മനസ്സിലാക്കാനും ബന്ധം ശക്തിപ്പെടുത്താനും ലോകരാജ്യങ്ങള്‍ക്കിടയില്‍ സമാധാനം നിലനിര്‍ത്താനുള്ള ചര്‍ച്ചകള്‍ക്ക് തുടക്കമിടാനും ഈ സന്ദര്‍ശനം വഴിയൊരുക്കുമെന്നും ശൈഖ് മുഹമ്മദ് ട്വിറ്ററില്‍ കുറിച്ചു. രാജ്യം ആഹ്ലാദത്തോടെയാണ് അദ്ദേഹത്തെ കാത്തിരിക്കുന്നതെന്ന് അബുദാബി കിരീടാവകാശി ട്വീറ്റ് ചെയ്തു.
‘സമാധാനത്തിന്റെയും സഹിഷ്ണുതയുടെയും പ്രതീകമാണ് അദ്ദേഹം. ചരിത്രപരമായ ആ സന്ദര്‍ശനത്തിനായി കാത്തിരിക്കുന്നു.’ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ പറഞ്ഞു. ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു പോപ്പ് യു.എ.ഇ.സന്ദര്‍ശിക്കുന്നത്.
ഇന്ത്യ, ആഫ്രിക്ക, ഫിലിപ്പീന്‍സ് എന്നിവിടങ്ങളില്‍ നിന്നായി ഏകദേശം പത്ത് ലക്ഷത്തോളം ക്രിസ്തുമത വിശ്വാസികള്‍ യു.എ.ഇ.യിലുണ്ടെന്നാണ് കരുതുന്നത് .