സംസ്ഥാനത്ത് ഓണ്‍ലൈന്‍ ബാങ്കിംഗ് വഴിയുള്ള പണം തട്ടിപ്പ് തുടരുന്നു
ഓണ്‍ലൈന്‍ ബാങ്കിംഗ് വഴിയുള്ള തട്ടിപ്പ് സംസ്ഥാനത്ത് തുടര്‍കഥ . പണം കൈമാറാനുള്ള മൊബൈല്‍ ആപ്പുകളുടെ മറവിലാണ് തട്ടിപ്പ് വ്യാപകമാകുന്നത്. ജാര്‍ഖണ്ഡ് കേന്ദ്രീകരിച്ചാണ് ഓണ്‍ലൈന്‍ തട്ടിപ്പ് വ്യാപകമെന്ന് സൈബര്‍ഡോം കണ്ടെത്തി. ഇതിനെ കുറിച്ച് ജാര്‍ഖണ്ഡ് പൊലീസിന് സൈബര്‍ഡോം വിവരങ്ങള്‍ കൈമാറി. പത്ത് കേസുകള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തതായി ഐജി മനോജ് എബ്രഹാം പറഞ്ഞു.
വിവിധ ബാങ്കുകളുടെ 59 ആപ്പുകളാണ് ഇപ്പോള്‍ സജീവമായി പണം കൈമാറാനായി ഉപയോഗിക്കുന്നത്. ഇത്തരത്തിലുള്ള ആപ്പുകളുടെ സുരക്ഷാ ന്യൂനതകള്‍ മുതലെടുത്താണ് തട്ടിപ്പ് നടക്കുന്നത്. എല്ലാ അക്കൗണ്ടുകളും മൊബൈല്‍ നമ്പറുമായി ബന്ധപ്പെടുത്തിയിരിക്കും. ഇത്തരം നമ്പറുകളിലേക്ക് ആദ്യം മെസേജ് വരുകയും പിന്നീട് ബാങ്ക് ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തി ഫോണ്‍ വിളിയെത്തും. ഇത്തരത്തില്‍ വരുന്ന കോളുകള്‍ ഒടിപി നമ്പര്‍ ആവശ്യപ്പെടും. ഈ നമ്പര്‍ ലഭിക്കുന്നതോടൊയാണ് തട്ടിപ്പു സംഘങ്ങള്‍ സജീവമാകുന്നത്.
ലഭിച്ച ഒടിപി നമ്പര്‍ ഉപയോഗിച്ച് തട്ടിപ്പ് സംഘങ്ങള്‍ തങ്ങളുടെ മൊബൈല്‍ നമ്പറിലേക്ക് ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുകയും അത് വഴി ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്ത് ഒരു ദിവസം ഒരു ലക്ഷം രൂപ എന്ന കണക്കിന് അക്കൗണ്ടുകളില്‍ നിന്ന് പണം പിന്‍വലിക്കുകയും ചെയ്താണ് തട്ടിപ്പ് നടത്തുന്നത്.
15 ലക്ഷം രൂപ നഷ്ടപ്പെട്ടു എന്ന പരാതിയെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്. പരാതിയെ തുടര്‍ന്ന് ക്രഡിറ്റ് കാര്‍ഡും അക്കൗണ്ടും ബ്ലോക്ക് ചെയ്തിട്ടും പണം നഷ്ടപ്പെട്ടുകൊണ്ടേയിരുന്നു. ഇതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ആപ്പുകളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചത്. ഇതേ തുടര്‍ന്ന് ആപ്പുകള്‍ക്ക് പിന്നിലെ സുരക്ഷാ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സൈബര്‍ഡോം ആര്‍ബിഐക്കും കേന്ദ്രസര്‍ക്കാറിനും പരാതി നല്കി.
ആപ്പ് വഴി ബാങ്ക് അക്കൗണ്ടിന്റെ നിയന്ത്രണം ഏറ്റെടുത്താണ് തട്ടിപ്പ് നടത്തുന്നത്. പലപ്പോഴും അക്കൗണ്ടിന്റെ ഉടമ ഇത് അറിയുന്നത് തട്ടിപ്പ് നടന്നതിന് ശേഷം മാത്രമായിരിക്കും. തട്ടിപ്പ് വഴി ഒരു ദിവസം ഒരു ലക്ഷം രൂപവരെ ഇത്തരത്തില്‍ പിന്‍വലിക്കാന്‍ സാധിക്കും. ക്രഡിറ്റ് കാര്‍ഡ് ബ്ലോക്ക് ചെയ്ത് കഴിഞ്ഞാലും ഇത്തരം തട്ടിപ്പ് സംഘങ്ങള്‍ പ്രവര്‍ത്തനക്ഷമമാണ്.