ശബരിമല വിവാദം ; സർക്കാരിന്‍റെ ഹർജികൾ ഉടൻ പരിഗണിക്കില്ല എന്ന് സുപ്രീംകോടതി

ശബരിമലയില്‍ വിഷയത്തില്‍ മൂന്നംഗനിരീക്ഷണസമിതിയ്‌ക്കെതിരായ ഹര്‍ജി ഉടന്‍ പരിഗണിയ്ക്കണമെന്ന സംസ്ഥാനസര്‍ക്കാരിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. സാധാരണ ക്രമത്തില്‍ മാത്രമേ കേസ് പരിഗണിക്കാനാകൂവെന്നും സുപ്രീംകോടതി അറിയിച്ചു.

റിട്ട്, റിവ്യൂ ഹര്‍ജികളടക്കം ശബരിമലയുമായി ബന്ധപ്പെട്ട എല്ലാ ഹര്‍ജികളും ജനുവരിയില്‍ മാത്രമേ പരിഗണിക്കൂ എന്നാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി.

ശബരിമലയുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ നേരത്തെ പരിഗണിക്കാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി പറഞ്ഞിരുന്നു. ജനുവരിയിലാണ് കേസിന്റെ വാദം തീരുമാനിച്ചിരിയ്ക്കുന്നത്.

ശബരിമല കേസുമായി ബന്ധപ്പെട്ട് രണ്ട് പുതിയ ഹര്‍ജികളാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയിരുന്നത്. ഒന്ന്, ശബരിമല കേസുകള്‍ കേരളാ ഹൈക്കോടതി പരിഗണിക്കുന്നത് മാറ്റി സുപ്രീംകോടതി പരിഗണിക്കണമെന്നതാണ്.

രണ്ട്, ശബരിമലയിലെ സാഹചര്യങ്ങള്‍ നിരീക്ഷിക്കാനായി മൂന്നംഗ സമിതിയെ നിയോഗിച്ചത് പ്രായോഗികമല്ലെന്ന ഹര്‍ജി. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഈ രണ്ട് ഹര്‍ജികളും വേഗത്തില്‍ പരിഗണിച്ച് തീര്‍പ്പാക്കണമെന്നായിരുന്നു സംസ്ഥാന സര്‍ക്കാറിന്റെ ആവശ്യം.

കേസ് വേഗത്തില്‍ പരിഗണിക്കാനാകില്ലെന്നും സാധാരണ ക്രമത്തില്‍ മാത്രമേ പരിഗണിക്കാന്‍ പറ്റൂവെന്നും സുപ്രീംകോടതി അറിയിച്ചതോടെ ക്രിസ്മസ് അവധിക്ക് മുമ്പായി കേസ് പരിഗണിക്കില്ലെന്ന് ഉറപ്പായി. അവധിക്ക് ശേഷം ഇനി ജനുവരി 10 ന് ശേഷം മാത്രമേ കോടതി തുറക്കൂ.