ജയില്‍ മോചിതന്‍: തിരിച്ചെത്തുന്നത് ബിജെപിയിലെ ശക്തനായ നേതാവായി ?
കെ സുരേന്ദ്രന് ജാമ്യം അനുവദിച്ചു. 21 ദിവസങ്ങള്‍ക്കു ശേഷമാണ് സുരേന്ദ്രന്‍ ജയില്‍ മോചിതനാകുന്നത്. ഹൈകോടതി ഉപാധികളോടെ ജാമ്യം നല്‍കിയിരിക്കുന്നു. പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കാന്‍ പാടില്ലാ എന്നതാണ് പ്രധാന ഉപാധി.
15 കേസുകള്‍ ആണ് വിവിധ പോലീസ് സ്റ്റേഷനുകളില്‍ ആയി വിവിധ സമയങ്ങളിലായി സുരേന്ദ്രനെതിരെ പോലീസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇതോടെ എല്ലാ കേസുകളില്‍ നിന്നും ജാമ്യം ലഭിച്ച് സുരേന്ദ്രന്‍ ജയില്‍ മോചിതനാകുന്നു.
ഇതോടെ ബിജെപി സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്തെ ചൊല്ലി കേരളഘടകത്തില്‍ വീണ്ടും പൊട്ടിത്തെറിക്കു ശക്തികൂടും. കെ സുരേന്ദ്രനെ അധ്യക്ഷനാക്കാന്‍ വീണ്ടും ദേശീയ നേതൃത്വത്തെ സമീപിക്കാനാണ് മുരളീധരപക്ഷത്തിന്റെ നീക്കം.
ശബരിമല വിഷയം വേണ്ടവിധം യുക്തിയോടെ കൈകാര്യം ചെയ്യാന്‍ ശ്രീധരന്‍പിള്ളയ്ക്ക് കഴിഞ്ഞില്ല എന്ന് എതിര്‍ ചേരി ശക്തമായി വിമര്‍ശിക്കുന്നുണ്ട്. ശബരിമല വിഷയത്തില്‍ പിള്ളയുടെ വ്യക്തതയില്ലാത്ത നിലപാടുകള്‍ പാര്‍ട്ടിയെ പിന്നോട്ടടിച്ചു. കേന്ദ്ര നേതൃത്വത്തിനും ഇതേ വിലയിരുത്തല്‍ ആണെന്നാണ് സൂചന. ഈ അവസരം മുതലെടുക്കാന്‍ ആണ് മുരളീധരപക്ഷം ശ്രമിക്കുന്നത്.
മുന്‍പ് കുമ്മനം രാജശേഖരന്‍ അധ്യക്ഷസ്ഥാനം ഒഴിഞ്ഞ ഘട്ടത്തിലാണ് മുരളീധരപക്ഷം അധ്യക്ഷ സ്ഥാനത്തേക്ക് സുരേന്ദ്രനെ എത്തിക്കാന്‍ ശക്തമായ ശ്രമം നടത്തിയത്. പക്ഷെ ആര്‍എസ്എസ് അന്ന് ശക്തമായ എതിര്‍പ്പ് ഉയര്‍ത്തിയിരുന്നു. ശബരിമല അവസരമാക്കി കേരളത്തില്‍ ശക്തമായ സ്വാധീനം പാര്‍ട്ടിക്ക് ഉണ്ടാകണം എന്ന ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ ആഹ്വാനം ഏറ്റെടുക്കുന്നതില്‍ പിള്ളയുടെ നേതൃത്വം പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടുകയാണ് മുരളീധരപക്ഷം.
നവംബര്‍ 17ന് ശബരിമലയില്‍ ഇരുമുടിക്കെട്ടുമേന്തി കയറാന്‍ ശ്രമിച്ച സുരേന്ദ്രനെ നിലയ്ക്കലില്‍ യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം തടഞ്ഞു. വലിയ വാഗ്വാദങ്ങള്‍ക്കൊടുവില്‍ ബലംപ്രയോഗിച്ച് അറസ്റ്റു ചെയ്തു നീക്കി റിമാന്‍ഡ് ചെയ്തു. തുടര്‍ന്ന് ഒട്ടനവധി കേസുകളില്‍ കുരുങ്ങി ഇന്നുവരെ ജാമ്യം കിട്ടാതെ ജയിലില്‍ കഴിയാന്‍ തുടങ്ങിയിട്ട് മൂന്നാഴ്ചകള്‍ പിന്നിടുന്നു.
പിണറായി സര്‍ക്കാരിന്റെ അന്യായ പീഡനങ്ങള്‍ ഏറ്റുവാങ്ങി സംഘടനയ്ക്കു വേണ്ടി നിലപാടുകളില്‍ അടിയുറച്ചു നിന്ന നേതാവ്, സധൈര്യം ചെറുത്തു നില്‍ക്കുന്ന ധീരനായ പോരാളി, എന്നീ പരിവേഷങ്ങള്‍ ആണ് ഇപ്പോള്‍ കെ സുരേന്ദ്രന്. ഈ സാഹചര്യത്തില്‍ പ്രവര്‍ത്തകരുടെ ഇടയിലും പൊതു സമൂഹത്തിലും ശക്തമായ പിന്തുണ സുരേന്ദ്രന് കിട്ടുന്നുണ്ടെന്നാണ് വിലയിരുത്തല്‍. മാത്രമല്ല മുന്‍പ് അധ്യക്ഷ സ്ഥാനത്തേക്കുള്ള വരവ് തടഞ്ഞ ആര്‍എസ്എസ് നേതാക്കള്‍ ജയിലിലെത്തി സുരേന്ദ്രന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചതും ശുഭ സൂചനയായാണ് മുരളീധരപക്ഷം വിലയിരുത്തുന്നത്. അറസ്റ്റിനു ശേഷം സുരേന്ദ്രന് കിട്ടുന്ന അമിതപ്രാധാന്യം ശ്രീധരന്‍പിള്ളയേയും കൃഷ്ണദാസ് പക്ഷത്തേയും ചൊടിപ്പിച്ചിട്ടുണ്ട്.