വിധികർത്താവായി ദീപാ നിഷാന്തും കലോത്സവ വേദിയിൽ പ്രതിഷേധം

കവിത കോപ്പിയടിച്ച വിവാദത്തില്‍ പെട്ട ദീപ നിഷാന്തിനെതിരെ സംസ്ഥാന സ്‌കൂള്‍ കലോത്സവ വേദിയില്‍ പ്രതിഷേധം. മലയാളം ഉപന്യാസ മത്സരത്തിന് വിധികര്‍ത്താവായി ദീപ നിഷാന്ത് എത്തിയതിന് എതിരെയാണ് പ്രതിപക്ഷ യുവജന, വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രതിഷേധിച്ചത്. ആദ്യം എബിവിപി പ്രവര്‍ത്തകരാണ് ദീപയ്‌ക്കെതിരെ പ്രതിഷേധവുമായി എത്തിയത്. തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു വനിതാ പ്രവര്‍ത്തകരും ദീപയ്‌ക്കെതിരെ പ്രതിഷേധവുമായി കലോത്സവ വേദിയിലേക്ക് എത്തി.

എന്നാല്‍ കവിതാ മോഷണ വിവാദം ഉണ്ടാകുന്നതിനും മുമ്പാണ് ദീപാ നിഷാന്തിനെ മലയാളം ഉപന്യാസ മത്സരത്തിന്റെ വിധികര്‍ത്താവായി നിശ്ചയിച്ചതെന്നും വിവാദവുമായി ഇതിന് ബന്ധമില്ലെന്നും അധികൃതര്‍ നിലപാടെടുത്തു. ദീപാ നിഷാന്തിനെ ഒഴിവാക്കില്ലെന്നും സംഘാടകര്‍ അറിയിച്ചു. ദീപ നിഷാന്ത് അടങ്ങുന്ന മൂന്നംഗ സംഘം വിധിനിര്‍ണ്ണയത്തിനായി എത്തിയതോടെ പ്രതിപക്ഷ വിദ്യാര്‍ത്ഥി, യുവജന സംഘടനകളുടെ പ്രതിഷേധം ശക്തമായി.

പ്രതിഷേധത്തെ തുടര്‍ന്ന് ദീപ മൂല്യനിര്‍ണ്ണയ ചുമതലയില്‍ നിന്ന് പിന്‍മാറിയേക്കുമെന്ന് ആദ്യം അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും അവര്‍ വിധിനിര്‍ണ്ണയത്തിന് എത്തിയതോടെ കൂടുതല്‍ സംഘടനകള്‍ പ്രതിഷേധവുമായി കലോത്സവ വേദിയിലേക്കെത്തി.

പ്രതിഷേധത്തെ തുടര്‍ന്ന് ഉപന്യാസ മത്സരത്തിന്റെ മൂല്യനിര്‍ണ്ണയും ആലപ്പുഴ സര്‍ക്കാര്‍ സര്‍വീസ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയിലെ വേദിയിലേക്ക് മാറ്റി. കെഎസ്‌യു വനിതാ വിഭാഗം പ്രവര്‍ത്തകര്‍ ഇവിടേക്കാണ് പ്രതിഷേധവുമായി എത്തിയത്. ഗതാഗതം തടഞ്ഞ് റോഡില്‍ കിടന്ന് പ്രതിഷേധിച്ച പ്രവര്‍ത്തകരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി.

എസ്. കലേഷിന്റെ കവിത സ്വന്തം പേരില്‍ പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ടാണ് ദീപ വിവാദത്തില്‍ അകപ്പെട്ടത്. കോപ്പിയടി വിവാദം ഉണ്ടായതിന്റെ പശ്ചാത്തലത്തില്‍ ദീപ സ്വയം വിധികര്‍ത്താവാകുന്നതില്‍ നിന്ന് മാറിനില്‍ക്കേണ്ടതായിരുന്നുവെന്ന് അനില്‍ അക്കരെ എം.എല്‍.എ. അഭിപ്രായപ്പെട്ടു.