മിന്നലാക്രമണത്തിന് അമിതപ്രചാരണം നല്‍കുന്നത് സേനക്ക് ദോഷം ; മുൻ സൈനിക ഉപമേധാവി
പാക്കിസ്ഥാനെതിരെ നടത്തിയ മിന്നലാക്രമണത്തെ സര്‍ക്കാര്‍ രാഷ്ട്രീയ താല്പര്യത്തിന് വേണ്ടി ഉപയോഗിക്കുന്നതിനെതിരെ സൈനിക ഓപ്പറേഷന് നേതൃത്വം നല്‍കിയ മുന്‍ സൈനിക ഉദ്യോഗസ്ഥന്‍ രംഗത്തെത്തി. മിന്നലാക്രമണം വീണ്ടും വീണ്ടും ചര്‍ച്ചയാക്കുന്നത് സേനയ്ക്ക് ദോഷം ചെയ്യുമെന്നും ലഫ്റ്റനന്റ് ജനറല്‍ ഡിഎസ് ഹൂഡ തുറന്നടിച്ചു.
ഉറിയിലെ ഭീകരാക്രമണത്തിന് പാക്കിസ്ഥാന് ചുട്ട മറുപടി അത്യാവശ്യമായിരുന്നു. 2016 സെപ്റ്റംബര്‍ 29ന് അതിര്‍ത്തി കടന്ന് സൈന്യം നടത്തിയ ആക്രമണത്തിലൂടെ ആ മറുപടി നല്‍കി. ഓപ്പറേഷന്‍ വന്‍ വിജയം തന്നെയായിരുന്നു. എന്നാല്‍ മിന്നലാക്രമണം രാഷ്ട്രീയനേട്ടത്തിനായി ഉപയോഗിക്കുന്നത് ശരിയല്ല, ഇനിയെങ്കിലും ഇക്കാര്യത്തിലുള്ള ചര്‍ച്ചകള്‍ അവസാനിപ്പിക്കണമെന്നും വടക്കന്‍ കമാന്‍ഡ് മുന്‍ മേധാവി ലെഫ്. ജനറല്‍ ഡി.എസ്. ഹൂഡ ആവശ്യപ്പെട്ടു.
മിന്നലാക്രമണത്തിന് ശേഷം അസാധാരണ രീതിയിലുള്ള വാര്‍ത്താസമ്മേളനങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തിയിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലടക്കം മിന്നലാക്രമണം സര്‍ക്കാരിന്റെ നേട്ടമായി കേന്ദ്രം ഉയര്‍ത്തിക്കാട്ടി. അതിനെതിരെയാണ്, ആക്രമണത്തിന് നേതൃത്വം നല്‍കിയ കരസേന ലെഫ്. ജനറല്‍ തന്നെ രംഗത്തെത്തിയത്. എന്നാല്‍ ജനറല്‍ ഹൂഡയുടെ പ്രതികരണം വ്യക്തിപരമാണെന്നായിരുന്നു കരസേന മേധാവി വിപിന്‍ റാവത്തിന്റെ പ്രതികരണം.
പാക്കിസ്ഥാനിനെതിരെ വീണ്ടും മിന്നലാക്രമണം വേണ്ടി വരുമെന്ന് കരസേന മേധാവി കഴിഞ്ഞ സെപ്റ്റംബറില്‍ പറഞ്ഞിരുന്നു. മിന്നലാക്രമണം രാഷ്ട്രീയ നേട്ടത്തിനായി വലിയ ചര്‍ച്ചയാക്കുന്നതില്‍ സൈന്യത്തിനുള്ളിലെ ഭിന്നതകൂടിയാണ് ഡി.എസ്.ഹൂഡയുടെ പ്രതികരണതതിലൂടെ പുറത്തുവരുന്നത്.
മിന്നലാക്രമണത്തിന് ആവശ്യത്തിലധികം പ്രചാരണം നല്കി. കാര്യങ്ങളെ വല്ലാതെ പര്‍വതീകരിക്കുകയാണ് ചെയ്തത്. ഇതൊരിക്കലും സൈന്യത്തിന് ഗുണകരമാവില്ലെന്നും ഹൂഡ അഭിപ്രായപ്പെട്ടു. മിന്നലാക്രമണം നടത്തുമ്പോള്‍ വടക്കന്‍ കമാന്‍ഡിന്റെ മേധാവിയായിരുന്നു ഹൂഡ. മിന്നലാക്രമണങ്ങള്‍ അങ്ങേയറ്റം രഹസ്യമായി നടപ്പാക്കുന്നതാണ് ഏറ്റവും നല്ലതെന്നും ഹൂഡ അഭിപ്രായപ്പെട്ടു.