‘ഒടിയന്‍’ റിലീസ് തടയുമെന്നത് വ്യാജ വാര്‍ത്ത: ഡിവൈഎഫ്‌ഐ


ഹരിപ്പാട് പുതുതായി വന്ന എം ലാല്‍ സിനിപ്ലക്സില്‍ ‘ഒടിയന്‍’ന്റെ റിലീസ് ഡിവൈഎഫ്‌ഐ തടയുമെന്ന വാര്‍ത്ത വ്യാജമാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി അഡ്വ.എഎ റഹിം. കഴിഞ്ഞ ദിവസം ഈ സ്ഥാപനത്തിന് മുന്നില്‍ ഡിവൈഎഫ്‌ഐ നേതൃത്വത്തില്‍ പ്രതിഷേധ സമരം അരങ്ങേറിയിരുന്നു.

മോഹന്‍ലാലിന്റെ സന്തത സഹചാരി ആന്റണി പെരുമ്പാവൂരിന്റെ സംരംഭമായ എം ലാല്‍ സിനിപ്ലക്സ് അനധികൃതമായി സ്ഥലം കയ്യേറി നിര്‍മ്മാണം നടത്തുന്നു എന്നതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. രണ്ടാഴ്ച മുന്‍പാണ് മോഹന്‍ലാല്‍ തന്നെ ഇതിന്റെ ഉല്‍ഘാടനം നിര്‍വ്വഹിച്ചത്. ഡിസംബര്‍ 14ന് ആദ്യ പ്രദര്‍ശനം നടത്താനിരിക്കെയാണ് തീയറ്റര്‍ സമുച്ചയത്തില്‍ ഇത്തരം സംഭവങ്ങള്‍ അരങ്ങേറുന്നത്. ‘ഒടിയന്‍’ ആണ് ഉല്‍ഘാടന ചിത്രം.

ദേശീയ പാതയോരത്തെ നിയമാനുസൃതമായ സ്ഥാപിച്ച കല്ല് മാറ്റിയിട്ട എം ലാല്‍ സിനിപ്ലെസ് അനധികൃത നിര്‍മ്മാണത്തിന് ഒത്താശ ചെയ്ത ഹരിപ്പാട് നഗരസഭക്ക് എതിരെയാണ് പ്രതിഷേധിച്ചതെന്നാണ് ഡിവൈഎഫ്‌ഐയുടെ വിശദീകരണം. പ്രതിഷേധത്തെ തുടര്‍ന്ന് നഗരസഭ സ്റ്റോപ്പ് മെമ്മോ നല്‍കി. സ്ഥലം ഏറ്റെടുത്ത ശേഷം സര്‍വ്വേ കല്ലെടുത്തു മാറ്റി സ്ഥാപിക്കുകയും, തോട് കയ്യേറി നിര്‍മ്മാണം നടത്തുകയും, ചോദ്യം ചെയ്ത സാധാരണക്കാരെ കൈകാര്യം ചെയ്യാന്‍ ക്രിമിനലുകളെ ബൗണ്‍സര്‍മാരായി നിയമിക്കുകയും ചെയ്തത് ശ്രദ്ധയില്‍ പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പ്രതിഷേധ സമരം നയിച്ചതെന്നും പറയുന്നു.

നിര്‍മ്മാണ പ്രവര്‍ത്തനം തടഞ്ഞ ഡിവൈഎഫ്‌ഐയുടെ സമരം ഉല്‍ഘാടന ചിത്രമായ ഓടിയന്റെ പ്രദര്‍ശനം കൂടി തടയും എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചു. ഇതിനെതിരെ സമൂഹ മാധ്യമങ്ങളില്‍ വലിയ പ്രതിഷേധമുയര്‍ന്നു. ഈ സാഹചര്യത്തിലാണ് വിശദീകരവുമായി ഡിവൈഎഫ്‌ഐ എത്തിയത്. വാസ്തവവിരുദ്ധമായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും സംസ്ഥാന സെക്രട്ടറി അഡ്വ.എഎ റഹിം പറഞ്ഞു.

റഹീമിന്റെ എഫ്ബി പോസ്റ്റ് ഇങ്ങനെ: ‘ശ്രീ മോഹന്‍ലാല്‍ നായകനായ ചലച്ചിത്രം ”ഒടിയന്‍” ഡിവൈഎഫ്‌ഐ തടയാന്‍ പോകുന്നു എന്ന് നവമാധ്യമങ്ങളില്‍ ചിലര്‍ പ്രചരിപ്പിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് അടിസ്ഥാന രഹിതമാണ്. യാഥാര്‍ഥ്യത്തിന്റെ കണിക പോലുമില്ലാത്ത ഇത്തരം നുണ പ്രചാരണങ്ങള്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ ഉണ്ടാകണം. വ്യാജ പ്രചാരണം നടത്തിയവര്‍ക്കെതിരെ ഡിവൈഎഫ്‌ഐ നിയമ നടപടി സ്വീകരിക്കും. ഇത് സംബന്ധിച്ച് ഡിജിപിക്ക് ഡിവൈഎഫ്‌ഐ പരാതി നല്‍കും.’