ഇന്ത്യാ ചൈനാ അതിര്‍ത്തിയില്‍ മഞ്ഞുരുകുന്നു ; സംയുക്ത സൈനിക പരിശീലനത്തിന് ചൊവ്വാഴ്ച്ച തുടക്കം

ഇടവേളയ്ക്ക് ശേഷം സംയുക്ത സൈനിക പരിശീലനത്തിനൊരുങ്ങി ഇന്ത്യയും ചൈനയും. ഒരു വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ഇരു രാജ്യങ്ങളും സംയുക്ത പരിശീലനത്തിനൊരുങ്ങുന്നത്. ചൈനയിലെ സിചുവാന്‍ പ്രവിശ്യയിലെ ചെങ്ഡുവിലാണ് ഇരു രാജ്യങ്ങളും കൈകോര്‍ക്കുന്നത്. ഹാന്‍ഡ് ഇന്‍ ഹാന്‍ഡ് എന്ന പേരിലാണ് ഇത് നടത്തുന്നത്.

ഏഴാമത് ഇന്ത്യാ ചൈന സംയുക്തസൈനികാഭ്യാസമാണ് ഇത്തവണത്തേത്. രണ്ട് രാജ്യങ്ങളില്‍ നിന്നും നൂറു വീതം സെനിക ട്രൂപ്പുകളാണ് പങ്കെടുക്കുക. ഇത് ഏഴാം തവണയാണ് ഇന്ത്യയും ചൈനയും സംയുക്ത സൈനിക അഭ്യാസം നടത്തുന്നത്. ഭീകരവാദത്തെ ചെറുക്കുന്നതിനായിരിക്കും പരിശീലനത്തില്‍ മുന്‍ഗണന നല്‍കുക എന്ന് ചൈനീസ് പ്രതിരോധ മന്ത്രാലയ വക്താവ് കോള്‍ റെന്‍ ഗുവോഖിയാങ് വ്യക്തമാക്കി.

ദോക് ലാം വിഷയത്തിലെ അസ്വാരസ്യങ്ങള്‍ മൂലമാണ് ഒരു വര്‍ഷമായി സംയുക്ത സൈനികാഭ്യാസം മുടങ്ങിയത്. 23ാം തിയതി വരെയാണ് പരിശീലനം. സൈനിക തലത്തില്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്താന്‍ ഈ നീക്കം വഴിയൊരുക്കുമെന്ന് പ്രതിരോധ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി.

24ന് ദുജിയാങ്യാനില്‍ നടക്കുന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും പങ്കെടുക്കും. അതിര്‍ത്തിയിലെ സംഘര്‍ഷങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിനുള്ള മാര്‍ഗങ്ങള്‍ ഇരു കൂട്ടരും ചര്‍ച്ച ചെയ്യും.