കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം പൊതുജനങ്ങള്‍ക്ക് സമര്‍പ്പിച്ചു (വീഡിയോ)

കണ്ണൂര്‍: പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് വിരാമമിട്ടു കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളംപൊതുജനങ്ങള്‍ക്ക് സമര്‍പ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവും ചേര്‍ന്നാണ് വിമാനത്താവളം ഉദ്ഘാടനം നിര്‍വഹിച്ചത്. ഒമ്പതരയ്ക്ക് ഡിപ്പാര്‍ച്ചര്‍ ഹാളില്‍ നിലവിളക്ക് കൊളുത്തിയ ശേഷം ഇരുവരും ചേര്‍ന്ന് ആദ്യ വിമാനം ഫ്ലാഗ് ഓഫ് ചെയ്തു.

ഇതോടെ അന്താരാഷ്ട്ര വ്യോമയാന ഭൂപടത്തില്‍ കേരളത്തെ ഒരിക്കല്‍ക്കൂടി അടയാളപ്പെടുത്തുന്ന പദ്ധതിയായി കണ്ണൂര്‍ വിമാനത്താവളം മാറി.

കണ്ണൂരില്‍ വിമാനത്താവളത്തില്‍ നിന്ന് ആദ്യ സര്‍വീസായി 183 യാത്രക്കാരുമായി എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ വിമാനം രാവിലെ പത്തിന് അബുദാബിയിലേക്ക് പറന്നുയര്‍ന്നു. വിമാനം രാത്രി ഏഴിന് തിരിച്ചെത്തും. തുടര്‍ന്നുളള ദിവസങ്ങളില്‍ ഈ വിമാനം രാവിലെ ഒമ്പതിന് പുറപ്പെട്ട് രാത്രി 8.20ന് തിരിച്ചെത്തും. ദോഹ, ഷാര്‍ജ, റിയാദ് എന്നിവടങ്ങളിലേക്കും എയര്‍ ഇന്ത്യ സര്‍വീസുണ്ടാകും. ഇതിന് പുറമേ മസ്‌ക്കറ്റിലേക്കുള്ള സര്‍വീസും ആരംഭിക്കും.

തുടക്കത്തില്‍ ആഴ്ച്ചയില്‍ നാല് ദിവസമുളള ഷാര്‍ജ സര്‍വീസ് പിന്നീട് ദിവസേനയാക്കാനും എയര്‍ ഇന്ത്യയ്ക്ക് പദ്ധതിയുണ്ട്. അബുദാബി, ദമാം, മസ്‌ക്കറ്റ്, ദോഹ, കുവൈറ്റ് എന്നിവടങ്ങളിലേക്ക് സര്‍വീസ് നടത്താന്‍ ഗോ എയറും താത്പര്യം അറിയിച്ചിട്ടുണ്ട്.