പുതുവത്സരം ലക്ഷ്യമിട്ട് മയക്കുമരുന്ന് കച്ചവടം പൊടിക്കുന്നു ; തൃശൂരില്‍ വന്‍ മയക്കുമരുന്നു വേട്ട

പുതുവര്ഷാഘോഷങ്ങള്‍ പ്രമാണിച്ച് സംസ്ഥാനത്തെ പ്രമുഖ നഗരങ്ങളില്‍ മയക്കുമരുന്ന് കച്ചവടം പൊടിക്കുന്നു എന്ന് റിപ്പോര്‍ട്ട്. പുതുവര്‍ഷാഘോഷത്തിനായി തൃശൂര്‍ കൊച്ചി മേഖലകള്‍ ലക്ഷ്യമിട്ടെത്തിച്ച മയക്കുമരുന്നുകള്‍ എക്‌സൈസ് വിഭാഗം പിടികൂടി. ഗോവയിലും ബാംഗ്ലൂരിലും മയക്കുമരുന്ന് പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്നതിലെ പ്രധാനിയടക്കമാണ് പിടിയിലായത്.

പുതുവര്ഷാഘോഷങ്ങള്‍ പ്രമാണിച്ച് വന്‍ തോതില്‍ ലഹരി ഉത്പന്നങ്ങള്‍ എത്തുമെന്ന് എക്‌സൈസ് വിഭാഗത്തിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് തൃശൂരിലെത്തിയ രണ്ട് പേരെ എക്‌സൈസ് പിടികൂടിയത്.ഗുരുവായൂര്‍ സ്വദേശി ഡോണ്‍ രഞ്ജിത്ത് എന്നറിയപ്പെടുന്ന രഞ്ജിത്തിനെ 21 ഗ്രാം ഹാഷിഷ് ഓയിലുമായാണ് തൃശൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റില്‍ നിന്നും പിടികൂടുന്നത്.

കൊച്ചി,ഗോവ, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ മയക്കു മരുന്ന് പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്നതില്‍ പ്രധാനിയാണ് ഇയാള്‍.തൃശൂര്‍,കൊച്ചി എന്നിവിടങ്ങളില്‍ സമാനമായി പാര്‍ട്ടി നടത്താനുള്ള തയ്യാറെടുപ്പുകള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി ഇയാള്‍ നടത്തി വരികയായിരുന്നു. മണ്ണുത്തിയില്‍ നിന്നും ഒരു ഗ്രാം എംഡിഎംഎ ഗുളികകളുമായി ആലപ്പുഴ സ്വദേശി സുജിത്തിനെയും പിടികൂടിയിട്ടുണ്ട്.

റെയില്‍വേ സ്റ്റേഷന്‍ പരിസരത്തു നിന്ന് 660 നൈട്രോസന്‍ ഗുളികകളും 3 ഗ്രാം എംഡിഎംഎ യുമായി പാവറട്ടി സ്വദേശി ശ്രീരാജിനെയും എക്സൈസ് പിടികൂടിയിരുന്നു. ബട്ടണ്‍ ശ്രീരാഗ് എന്നറിയപ്പെടുന്ന ഇയാള്‍ ജില്ലയിലെ തീരദേശ മേഖലയിലെ ലഹരി ഉത്പന്നങ്ങളുടെ മൊത്തവിതരണക്കാരനാണ്. പുതുവത്സരം കഴിയുന്നത് വരെ പരിശോധനകള്‍ കര്‍ശനമാക്കുവാനാണ് എക്‌സൈസ് വകുപ്പിന്റെ തീരുമാനം.