ബിജെപിയുടെ ജനപ്രീതി നഷ്ടപ്പെട്ടു: രജനികാന്ത്


അഞ്ചു സംസ്ഥാനങ്ങളിലെ ജനവിധി 2019 ലോക്സഭാ തിരഞ്ഞെടുപ്പിലേക്കുള്ള യാത്ര ബിജെപിക്ക് ബുദ്ധിമുട്ടുള്ളതാക്കും. ബിജെപിയുടെ ജനപ്രീതി നഷ്ടപ്പെട്ടുവെന്നതാണ് തിരഞ്ഞെടുപ്പ് ഫലം പറയുന്നതെന്നും എന്ന് രജനികാന്ത് പ്രതികരിച്ചു. ചെന്നൈ എയര്‍പോര്‍ട്ടില്‍ വച്ച് മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു സൂപ്പര്‍ താരം. തമിഴ് നാട്ടില്‍ അടുത്ത തിരഞ്ഞെടുപ്പില്‍ താങ്കള്‍ ബിജെപിയെ പിന്തുണയ്ക്കുമോ എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി പറഞ്ഞില്ല. രാഷ്ട്രീയ നിലപാടുകള്‍ വ്യക്തമാക്കാനുള്ള സമയമായില്ല എന്ന് മാത്രം പ്രതികരിച്ചു.

ഈ അടുത്താണ് മോഡി വളരെ ശക്തനായ വ്യക്തിത്വമാണെന്ന് രജനികാന്ത് പറഞ്ഞത്. തമിഴ് നാട് രാഷ്ട്രീയത്തില്‍ ചുവടുവക്കാന്‍ ഒരുങ്ങുകയാണ് രജനികാന്ത്. ഫാന്‍ ക്ലബ്ബുകളെ അണിനിരത്തി താഴേത്തട്ടിലുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങി കഴിഞ്ഞു, എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം ആയിട്ടില്ല. അക്കാര്യത്തില്‍ കമല്‍ ഹാസന്‍ രജനികാന്തിനെക്കാള്‍ ഏറെ മുന്നിലാണ്. രജനി ഏറ്റവും അടുത്ത സുഹൃത്താണ്, എന്നാല്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയത്തോടു തന്റെ സംഘടനയ്ക്ക് യോജിച്ചു പോകാന്‍ കഴിയില്ല എന്ന് ഒരു അഭിമുഖത്തില്‍ കമല്‍ പറഞ്ഞു.