കോണ്ഗ്രസിന്റെ തിരിച്ചുവരവ് ; ക്ഷീണത്തില്‍ ബി ജെ പി
അഞ്ച് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍ പുറത്തു വന്നപ്പോള്‍ ബിജെപിയുടെ നല്ലകാലത്തിന്റെ അവസാനമാണോ എന്ന സംശയം ബലപ്പെടുന്നു. ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന്റെ ശക്തമായ തിരിച്ചുവരവ് അടയാളപ്പെടുത്തിയ തിരഞ്ഞെടുപ്പ് അടുത്ത വര്‍ഷം നടക്കുവാന്‍ പോകുന്ന ഇലക്ഷന്റെ സെമി ഫൈനല്‍ എന്നാണു ദേശിയ മാധ്യമങ്ങള്‍ അടക്കം റിപ്പോര്‍ട്ട് ചെയ്തിരുന്നത്. വമ്പന്‍ വിജയം ആഗ്രഹിച്ച ബിജെപിക്ക് ഏറ്റ കനത്ത തിരിച്ചടിയാണ് തിരഞ്ഞെടുപ്പ്ഫലം.
ഒന്നര പതിറ്റാണ്ട് ബിജെപി അധികാരത്തില്‍ ഇരുന്ന മധ്യപ്രദേശ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലും ബിജെപി ഭരിക്കുന്ന രാജസ്ഥാനിലും കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് ഉറപ്പായി. അതില്‍ മധ്യപ്രദേശിന്റെ കാര്യത്തില്‍ മാത്രമാണ് ഇപ്പോള്‍ ഒരു യഥാര്‍ത്ഥ ചിത്രം വെളിവാകാത്തത്.
എന്നാല്‍ മൂന്ന് സംസ്ഥാനങ്ങളില്‍ ബിജെപിയെ ഏകപക്ഷീയമായി പരാജയപ്പെടുത്താന്‍ സാധിക്കാതിരുന്നത് മധ്യപ്രദേശില്‍ മാത്രമാണ്. ഇവിടെ ചിലപ്പോള്‍ ബിഎസ്പിയുടെ പിന്തുണ കോണ്‍ഗ്രസിന് തേടേണ്ടതായി വന്നേക്കാം. എങ്കില്‍ പോലും സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസിന് വെല്ലുവിളികളുണ്ടാകില്ലെന്ന കാര്യം ഏകദേശം ഉറപ്പാണ്.
മധ്യപ്രദേശില്‍ കോണ്‍ഗ്രസും ബിജെപിയും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടത്തുന്നത്. എങ്കിലും അവസാന വിജയി കോണ്‍ഗ്രസ് തന്നെയെന്ന സൂചനയാണ് ഫലസൂചകള്‍ നല്‍കുന്നത്. ശക്തമായ ഭരണ വിരുദ്ധ വികാരവും ഒപ്പം പാളയത്തിലെ പടയുമാണ് രാജസ്ഥാനില്‍ ബിജെപിക്ക് തിരിച്ചടി നല്‍കിയത്. ബിജെപിയുടെ ദൗര്‍ബല്യങ്ങളെ മുതലാക്കി രാജസ്ഥാനില്‍ കോണ്‍ഗ്രസ് തരംഗം തന്നെയാണ് ഉണ്ടാക്കിയത്.
അതില്‍ എല്ലാം ഉപരി ഛത്തീസ്ഗഡില്‍ രാഷ്ട്രീയ നിരീക്ഷകരെ അമ്പരിപ്പിച്ച മുന്നേറ്റമാണ് കോണ്‍ഗ്രസിന് നടത്താനായത്. ഇവിടെ ബിജെപിയെ തന്നെ ഞെട്ടിക്കുന്നതാണ് മുഖ്യമന്ത്രി രമണ്‍ സിങ്ങിന്റെ പരാജയം.
കോണ്‍ഗ്രസ് നേതാവായിരുന്ന അജിത് ജോഗിയിലേക്ക് ഭരണ വിരുദ്ധ വികാരം വിഭജിക്കപ്പെടുമെന്നും അത് ബിജെപിക്ക് അനുകൂലമായ സ്ഥിതിയുണ്ടാക്കുമെന്നുമാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ജനം സമ്മതിദാനം വിനിയോഗിച്ചത് കോണ്‍ഗ്രസിന് വേണ്ടിയായിരുന്നുവെന്നാണ് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്.
ഹിന്ദി ഹൃദയഭൂമിയില്‍ ബിജെപിക്ക് തിരിച്ചടിയുണ്ടാകുന്നത് വരാന്‍ പോകുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വലിയ തിരിച്ചടികള്‍ ഉണ്ടാക്കുമെന്ന കാര്യത്തില്‍ വ്യക്തമായ ചിത്രം ഇപ്പോള്‍ ലഭിച്ചു കഴിഞ്ഞു.