കേരള നിരത്തുകള്‍ കയ്യടക്കാന്‍ ഇലക്‌ട്രോണിക്ക് ഓട്ടോകള്‍ വരുന്നു

കേരള നിരത്തുകള്‍ കയ്യടക്കാന്‍ ഇലക്ട്രോണിക്ക് ഓട്ടോകള്‍ വരുന്നു. കെഎഎല്‍ ആണ് ഇലക്ട്രിക് ഓട്ടോയുമായി രംഗത്ത് വന്നിരിക്കുന്നത്. ഒറ്റ ചാര്‍ജില്‍ 120 കിലോമീറ്റര്‍ ഓടുവാന്‍ കഴിയുന്ന ഇതിനു ചിലവ് വെറും 50 പൈസ മാത്രമാകും. ഇ-ഓട്ടോകള്‍ ഒരു മാസത്തിനകം വിപണിയിലെത്തും. നെയ്യാറ്റിന്‍കരയിലെ പ്ലാന്റിലാണ് ഇത് വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മ്മിക്കുന്നത്.

സര്‍ക്കാരിന്റെ പുതുക്കിയ വൈദ്യുതി നയത്തിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് തുടങ്ങിയ പ്രദേശങ്ങളില്‍ ഇനി ഇ- ഓട്ടോകള്‍ക്കേ അനുമതി നല്‍കുകയുള്ളൂ. ഈ സാഹചര്യത്തിലാണ് കെ.എ.എല്‍ വാണിജ്യാടിസ്ഥാനത്തില്‍ ഓട്ടോയുടെ നിര്‍മ്മാണമാരംഭിച്ചത്.

ജര്‍മ്മന്‍ സാങ്കേതിക വിദ്യയില്‍ കെ.എ.എല്‍ തദ്ദേശീയമായി നിര്‍മ്മിച്ച ബാറ്ററിയും 2 കെ.വി മോട്ടോറുമാണ് ഓട്ടോയിലുള്ളത്. മൂന്നു മണിക്കൂര്‍ കൊണ്ട് പൂര്‍ണ്ണമായി ചാര്‍ജാകും. ഇതില്‍ 120 കിലോമീറ്റര്‍ ഓടിക്കാനാകും. ചിലവ് 50 പൈസയാണ് കണക്കാക്കുന്നത്. ബാറ്ററിയുടെ ഭാരം 295 കിലോയാണ്.

ഏകദേശം 2.10 ലക്ഷം രൂപയാണ് വില പ്രതീക്ഷിക്കുന്നത്. 30,000 രൂപ കേന്ദ്ര സര്‍ക്കാര്‍ സബ്സിഡി ലഭിക്കും.