യുഎഇ ; സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖല അടച്ചുപൂട്ടി ഉടമയായ മലയാളി മുങ്ങി ; പെരുവഴിയിലായി തൊഴിലാളികള്‍

യുഎഇയില്‍ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖല അടച്ചുപൂട്ടി മലയാളിയായ ഉടമ രാജ്യം വിട്ടു. ലയാളിയായ അബ്ദുല്‍ ഖാദര്‍ സബീറിന്റെ ഉടമസ്ഥതയിലുള്ള അല്‍ മനാമ സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയാണ് അടച്ചുപൂട്ടിയത്.

നാല് പതിറ്റാണ്ടുകളായി യുഎഇയിലെ പ്രവര്‍ത്തിക്കുന്ന ഗ്രൂപ്പാണ് അല്‍ മനാമ . നൂറുകണക്കിന് ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാതെയും ബാങ്കുകള്‍ക്കും സാധനങ്ങള്‍ വിതരണം ചെയ്തവര്‍ക്കും പണം നല്‍കാതെയുമാണ് അപ്രതീക്ഷിതമായി സ്ഥാപനം അടച്ചുപൂട്ടിയത്.

കഴിഞ്ഞ ജൂണ്‍ മുതലാണ് സാമ്പത്തിക പ്രതിസന്ധി ഉടലെടുത്തതെന്ന് വിതരണക്കാര്‍ മാധ്യമങ്ങളോട് പറഞ്ഞു. അന്ന് മുതലാണ് പല വിതരണക്കാര്‍ക്കും പണം നല്‍കുന്നതില്‍ വീഴ്ചയുണ്ടായത്. നാല് പതിറ്റാണ്ടോളം യാതൊരു പ്രശ്‌നവുമില്ലാതെ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനമായിരുന്നതിനാല്‍ അത് കാര്യമായെടുത്തില്ല.

പണം എത്രയും വേഗം തന്നുതീര്‍ക്കുമെന്ന് ബന്ധപ്പെട്ടവര്‍ ഉറപ്പുനല്‍കിയപ്പോള്‍ അവരെ വിശ്വസിക്കുകയായിരുന്നു. നവംബറില്‍ ഓഫീസിലെത്തിയപ്പോള്‍ അവിടെയാകെ പ്രശ്‌നങ്ങളായിരുന്നെന്ന് വിതരണക്കാരിലൊരാള്‍ പറഞ്ഞു. മാനേജ്‌മെന്റ് തലത്തില്‍ ഉത്തരവാദിത്തമുള്ള പദവിയില്‍ ഒരാളും ഓഫീസിലുണ്ടായിരുന്നില്ല.

കാര്യങ്ങള്‍ അറിയാത്ത ചില പുതിയ ജീവനക്കാര്‍ മാത്രമാണുണ്ടായിരുന്നത്. സ്ഥാപനത്തിന്റെ മനേജിങ് ഡയറക്ടര്‍ അബ്ദുല്‍ ഖാദര്‍ സബീര്‍ യുഎഇയില്‍ നിന്ന് മുങ്ങി. പിന്നാലെ മറ്റുള്ളവരെയും കാണാതായെന്ന് വിതരണക്കാരില്‍ ഒരാളായ ശമീം പറഞ്ഞു. ചെക്കുകള്‍ മടങ്ങിയതിന്റെ പേരില്‍ ചിലര്‍ സ്ഥാപനത്തിനെതിരെ കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

അല്‍ മനാമ സൂപ്പര്‍ മാര്‍ക്കറ്റുകളിലേക്ക് സാധനങ്ങള്‍ എത്തിച്ചിരുന്ന നൂറോളം വിതരണക്കാരുടെ പ്രതിനിധികള്‍ കഴിഞ്ഞ ദിവസം ഒരുമിച്ച് കൂടിയാണ് മാനേജ്‌മെന്റിനെതിരായ ആരോപണങ്ങള്‍ ഉന്നയിച്ചത്. കോടിക്കണക്കിന് ദിര്‍ഹമാണ് ഇവര്‍ക്ക് സ്ഥാപനത്തില്‍ നിന്ന് കിട്ടാനുള്ളത്. അല്‍ മനാമയുടെ ഓഫീസില്‍ വിളിച്ചാല്‍ ആരും ഫോണെടുക്കാറില്ല.

സീനിയര്‍ മാനേജ്‌മെന്റ് തലത്തിലുണ്ടായിരുന്നവരെ ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്നും ഇവര്‍ ആരോപിച്ചു. ലോക്കല്‍ സ്‌പോണ്‍സര്‍ പോലും അറിയാതെയാണ് അബ്ദുല്‍ ഖാദര്‍ സബീര്‍ രാജ്യം വിട്ടത്.

അതേസമയം അജ്മാന്‍ ഉള്‍പ്പെടെയുള്ള എമിറേറ്റുകളില്‍ അല്‍ മനാമ ഗ്രൂപ്പിന് കീഴില്‍ ജോലി ചെയ്തിരുന്ന തൊഴിലാളികളും പ്രതിസന്ധിയിലാണ്. പലരും വിസ റദ്ദാക്കി നാട്ടിലേക്ക് മടങ്ങി. ചിലര്‍ക്ക് ശമ്പളം ലഭിച്ചിട്ടുണ്ടെങ്കിലും ജോലിയില്‍ നിന്ന് വിരമിക്കുമ്പോഴുള്ള ആനുകൂല്യങ്ങള്‍ നല്‍കിയിട്ടില്ല.

അജ്മാനില്‍ മാത്രം 400ഓളം പേര്‍ പ്രതിസന്ധിയിലായി കുടുങ്ങിക്കിടക്കുകയാണെന്ന് ഖലീജ് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു. പലരും മറ്റ് ജോലികള്‍ അന്വേഷിക്കുന്നുണ്ട്. കഴിഞ്ഞയാഴ്ച ശമ്പളം കിട്ടിയെന്നും ഇനി നാട്ടിലേക്ക് മടങ്ങുകയാണെന്നും ചിലര്‍ പറഞ്ഞു. ദുബായ്, ഷാര്‍ജ, അജ്മാന്‍, റാസല്‍ഖൈമ എന്നിവിടങ്ങളിലായി 20ലധികം സൂപ്പര്‍ മാര്‍ക്കറ്റുകളാണ് അല്‍ മനാമ ഗ്രൂപ്പിനുണ്ടായിരുന്നത്.