വാഹന പരിശോധനക്കിടെ 50 ഓളം യുവതികളെ പീഡിപ്പിച്ച യുവാവ് തെളിവ് സഹിതം പിടിയില്‍
ചെന്നൈയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. വാഹന പരിശോധനക്കിടെ വഴിയാത്രക്കാരനായ യുവാവില്‍ നിന്ന് പൊലീസിന് ലഭിച്ചത് അമ്പതോളം യുവതികളെ പീഡനത്തിനിരയാക്കിയതിന്റെ തെളിവുകള്‍. യുവാവിന്റെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചതിലൂടെയാണ് സംഭവം പുറംലോകം അറിയുന്നത്.
ഡിസംബര്‍ 14ന് ചെന്നൈ നഗരത്തില്‍ നടന്ന വാഹന പരിശോധനയില്‍ ഇയാളുടെ വാഹനത്തിന്റെ ബുക്കും പേപ്പറും ശരിയല്ലാത്തതിനെ തുടര്‍ന്ന് പോലീസ് യുവാവിനെ ചോദ്യം ചെയ്യുകയായിരുന്നു. ഇയാളില്‍ നിന്നും ലഭിച്ച മറുപടിയിലെ വൈരുധ്യമാണ് പൊലീസില്‍ സംശയം ജനിപ്പിച്ചത്.
തുടര്‍ന്ന് ഇയാളുടെ ഫോണ്‍ പരിശോധിച്ച പോലീസ് ഇയാള്‍ സ്ത്രീകളെ ചൂഷണത്തിന് ഇരയാക്കുന്ന അമ്പതോളം ദൃശ്യങ്ങള്‍ ഫോണില്‍ നിന്ന് കണ്ടെത്തുകയായിരുന്നു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ തങ്ങളെ ഭീക്ഷണിപ്പെടുത്തി അക്രമത്തിന് ഇരയാക്കുകയും വീഡിയോ എടുക്കുകയും ചെയ്തുവെന്ന് യുവതികള്‍ പൊലീസിനോട് പറഞ്ഞു. നേരത്തെ ഇത്തരത്തില്‍ യുവാവിനെതിരെ ഒരു കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടായിരുന്നുവെന്നും എന്നാല്‍ മതിയായ തെളിവില്ലാത്തതിനാല്‍ മൂന്ന് മാസത്തിന് ശേഷം ഇയാള്‍ക്ക് ജാമ്യം ലഭിച്ചുവെന്നും പൊലീസ് പറയുന്നു.
എന്നാല്‍ ഇത്തവണ എല്ലാ പഴുതുകളും അടച്ച് കൊണ്ടാകും ഇയാളെ കോടതിയില്‍ ഹാജരാക്കുകയെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. അതേസമയം നാണക്കേട് ഭയന്നു പീഡനത്തിനു ഇരയായ യുവതികള്‍ ആരുംതന്നെ രംഗത്ത് വരാത്തതും പോലീസിനു വിനയാകുന്നുണ്ട്.