വനിതാ മതിലില്‍ നിന്നും പിന്മാറുന്നു എന്ന് നടി മഞ്ജു വാര്യര്‍

സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന വനിതാ മതില്‍ എന്ന പരിപാടിയില്‍ നിന്നും താന്‍ പിന്മാറുന്നു എന്ന് നടി മഞ്ജു വാര്യര്‍. സ്ത്രീകള്‍ക്ക് വേണ്ടി നടത്തുന്ന പരിപാടി എന്ന നിലയിലാണ് താന്‍ പിന്തുണ പ്രഖ്യാപിച്ചത് എന്നും എന്നാല്‍ പരിപാടിക്ക് രാഷ്ട്രീയനിറം ഉണ്ട് എന്ന് അപ്പോള്‍ അറിയില്ലായിരുന്നു എന്നും മഞ്ജു വാര്യര്‍ പറയുന്നു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മഞ്ജു വാര്യര്‍ ഇക്കാര്യം പങ്കുവെച്ചത്.

നേരത്തെ വനിതാ മതിലിന്റെ പേജിലാണ് പരിപാടിക്ക് പിന്തുണയുമായി മഞ്ജു വാര്യര്‍ രംഗത്തെത്തിയത്. ”നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കണം. സ്ത്രീ പുരുഷ സമത്വം അനിവാര്യം. മുന്നോട്ട് പോകട്ടേ കേരളം. ഞാന്‍ വനിതാ മതിലിനൊപ്പം” – വീഡിയോയില്‍ മഞ്ജു വാര്യര്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു.

ജനുവരി ഒന്നിന് 4 മണിക്കാണ് ദേശീയ പാതയില്‍ വനിതാമതില്‍ തീര്‍ക്കുന്നത്. നവോത്ഥാന പാരമ്പര്യമുള്ള സംഘടനകളുടെ യോഗത്തിലാണ് കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ വനിതാ മതില്‍ സംഘടിപ്പിക്കാനുള്ള തീരുമാനം എടുത്തത്. വനിതാ മതിലില്‍ 30 ലക്ഷം വനിതകളെ അണിനിരത്തുമെന്ന് LDF കണ്‍വീനര്‍ എ വിജയരാഘവന്‍ വ്യക്തമാക്കിയിരുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം :

സംസ്ഥാനസര്‍ക്കാരുകളുടെ ഒട്ടേറെ പരിപാടികളോട് എല്ലാക്കാലവും ഞാന്‍ സഹകരിച്ചിട്ടുണ്ട്. ഭാവിയിലും സഹകരിക്കും. സ്ത്രീകള്‍ക്കുവേണ്ടിയുള്ള ഒരു സര്‍ക്കാര്‍ ദൗത്യം എന്ന ധാരണയിലാണ് വനിതാമതില്‍ എന്ന പരിപാടിക്ക് പിന്തുണ പ്രഖ്യാപിച്ചത്. പക്ഷേ അതിന് ഇതിനകം ഒരു രാഷ്ട്രീയ നിറം വന്നുചേര്‍ന്നത് ഞാന്‍ അറിഞ്ഞിരുന്നില്ല. അത് എന്റെ അറിവില്ലായ്മ കൊണ്ടുണ്ടായതാണ്. വൈകാരികമായ പല വിഷയങ്ങളുമായി വനിതാമതില്‍ എന്ന പരിപാടി കൂട്ടിവായിക്കപ്പെടുന്നു എന്നതിനെക്കുറിച്ചും ഞാന്‍ ബോധവതിയായിരുന്നില്ല. അതും എന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ്. ഒന്നിന്റെ പേരിലും ആരും വിഘടിച്ചുനില്‍ക്കരുത് എന്ന് കരുതുന്നയാളാണ് ഞാന്‍. പ്രളയകാലത്ത് ലോകത്തിന് മുഴുവന്‍ മാതൃകയാകുന്ന തരത്തില്‍ ജാതിയും മതവും രാഷ്ട്രീയവും മറന്ന് നമുക്കിടയിലുണ്ടായ കൂട്ടായ്മ എന്നും നിലനില്കണമെന്നും ആഗ്രഹിക്കുന്നു. പാര്‍ട്ടികളുടെ കൊടികളുടെ നിറത്താല്‍ വ്യാഖ്യാനിക്കപ്പെടുന്ന തരത്തിലുള്ള രാഷ്ട്രീയം എനിക്കില്ല. കലയാണ് എന്റെ രാഷ്ട്രീയം. അതിനപ്പുറം എനിക്കൊന്നുമില്ല. അതുകൊണ്ടുതന്നെ പാര്‍ട്ടികളുടെ പേരില്‍ രാഷ്ട്രീയനിറമുള്ള പരിപാടികളില്‍നിന്ന് അകന്നുനില്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ആ നിലപാടാണ് വനിതാമതിലിന്റെ കാര്യത്തിലുമുള്ളതെന്ന് വ്യക്തമാക്കട്ടെ.