ശബരിമലയില്‍ എത്തിയ ട്രാന്‍സ്‌ജെന്‍ഡറുകളെ തടഞ്ഞു പോലീസ് ; സ്ത്രീകളുടെ വസ്ത്രം മാറ്റാന്‍ നിര്‍ദേശം
ശബരിമല ദര്‍ശനത്തിന് പോയ ട്രാന്‍സ് ജെന്‍ഡറുകളെ പോലീസ് തടഞ്ഞു. എരുമേലി വഴി പമ്പയിലേക്ക് തിരിക്കാന്‍ ശ്രമിച്ച ഇവരെ എരുമേലി പോലീസ് തടയുകയായിരുന്നു. വ്രതമെടുത്ത് കെട്ട് നിറച്ച് വിശ്വാസികള്‍ എത്തുന്നതുപോലെ തന്നെയാണ് തങ്ങള്‍ എത്തിയതെന്നും മുമ്പും ഇത്തരത്തില്‍ ശബരിമലയില്‍ തങ്ങളുടെ കൂട്ടത്തിലുള്ളവര്‍ ശബരിമലയില്‍ പോയിട്ടുണ്ടായിരുന്നുവെന്നും ഇവര്‍ പറയുന്നു. ശബരിമല ദര്‍ശനത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും തിരികെ വീണ്ടും ശബരിമല ദര്‍ശനത്തിന് പോകുമെന്നാണ് ഇവര്‍ പറയുന്നത്.
അതുപോലെ ശബരിമലയിലെത്തിയ തങ്ങളെ പൊലീസ് അപമാനിച്ചുവെന്ന് കാണിച്ച് ട്രാന്‍സ്ജെന്‍ഡറുകള്‍ പരാതിയും നല്‍കി. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിക്കും എരുമേലി പൊലീസിനുമെതിരെ കോട്ടയം എസ്പിക്കാണ് പരാതി നല്‍കിയത്. വസ്ത്രധാരണത്തേയും സ്വത്വത്തേയും പൊലീസ് അപമാനിച്ചു എന്ന് കാണിച്ചാണ് പരാതി നല്‍കിയിരിക്കുന്നത്. ശബരിമലയ്ക്ക് പോകാന്‍ അനുമതി തേടി ഹൈക്കോടതി നിയോഗിച്ച മൂന്നംഗ നിരീക്ഷണ സമിതിയെ സമീപിക്കുമെന്നും ട്രാന്‍സ്ജെന്‍ഡറുകള്‍ വ്യക്തമാക്കി.
ഇന്ന് വെളുപ്പിനെ നാലുമണിയോടെയായിരുന്നു രഞ്ജു, അനന്യ, അവന്തിക, തൃപ്തി ഷെട്ടി അന്നിവരടങ്ങുന്ന സംഘം ശബരിമലയിലെത്തിയത്. ഏഴ് പേരടങ്ങുന്ന സംഘം ശബരിമല ദര്‍ശനത്തിന് സുരക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം പൊലീസിന് കത്ത് നല്‍കിയിരുന്നു. എന്നാല്‍, പൊലീസ് സംരക്ഷണം നല്‍കാത്തതിനെ തുടര്‍ന്ന് ദര്‍ശനം നടത്താനാകാതെ സംഘം മടങ്ങുകയായിരുന്നു. നാലംഗസംഘത്തെ പൊലീസ് സംരക്ഷണയിലാണ് കോട്ടയത്തേക്ക് തിരിച്ചയച്ചത്. സ്ത്രീ വേഷം മാറ്റണമെന്ന പൊലീസിന്റെ ആവശ്യം തള്ളിയതിനെ തുടര്‍ന്നാണ് നടപടി.
ഇതേ തുടര്‍ന്ന് എരുമേലി പൊലീസ് തങ്ങളെ ബന്ധപ്പെടുകയായിരുന്നെന്ന് ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് പറഞ്ഞു. സ്ത്രീ വേഷം അണിഞ്ഞ് ശബരിമലയിലേക്ക് പോകുന്നത് പ്രശ്‌നങ്ങള്‍ക്കിടയാക്കുമെന്ന് പൊലീസ് ഇവരെ അറിയിച്ചു. ഏതെങ്കിലും ഭക്തരുടെ സംഘം ഇവരെ തടഞ്ഞാല്‍ അത് സന്നിധാനത്തും നിലയ്ക്കലിലും ക്രമസമാധാന പ്രശ്നത്തിന് കാരണമാകുമെന്നാണ് പോലീസ് പറയുന്നത്. വളരെ സമാധാനത്തോടെ പൊയ്ക്കൊണ്ടിരിക്കുന്ന ശബരിമല തീര്‍ഥാടനത്തെ ഇത് പ്രതികൂലമായി ബാധിക്കുമെന്നും പോലീസ് കരുതുന്നു.