കൊച്ചിയിൽ വീര്യം കൂടിയ മയക്കുമരുന്നുമായി സീരിയൽ നടി പിടിയിൽ
ഉള്ളതില്‍ ഏറ്റവും കൂടിയ വീര്യമുള്ള മയക്കുമരുന്നുമായി കൊച്ചിയില്‍ സീരിയല്‍ നടി പിടിയില്‍. സിനിമ സീരിയല്‍ നടി അശ്വതി ബാബുവാണ് തൃക്കാക്കര പൊലീസിന്റെ പിടിയിലായത്. ഇവരുടെ ഫ്‌ലാറ്റില്‍ നിന്നും എംഡിഎംഎ (മെത്തലിന്‍ ഡയോക്‌സി മെത്തഫിറ്റമിന്‍) പിടിച്ചെടുത്തു. നടിയുടെ ഡ്രൈവര്‍ ബിനോയിയും പോലീസ് കസ്റ്റഡിയില്‍ എടുത്തു. തിരുവനന്തപുരം സ്വദേശിയാണ് അശ്വതി. ബെംഗളൂരുവില്‍ നിന്നാണ് ലഹരി മരുന്ന് എത്തിച്ചതെന്നാണ് പ്രാഥമിക വിവരം. പിടിച്ചെടുത്ത മയക്കുമരുന്ന് ലക്ഷങ്ങള്‍ വിലവരുന്നതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
കഴിഞ്ഞ സെപ്തംബറില്‍ എറണാകുളത്ത് വന്‍ മയക്കുമരുന്ന് വേട്ട നടന്നിരുന്നു. 200 കോടിയുടെ ലഹരി മരുന്ന് എക്‌സൈസാണ് പിടികൂടിയത്. 32 കിലോയുടെ എംഡിഎംഎ(മെത്തലിന്‍ ഡയോക്‌സി മെത്തഫിറ്റമിന്‍) എന്ന ലഹരി മരുന്നാണ് അന്ന് പിടിച്ചെടുത്തത്. ലോക വ്യാപകമായി നിരോധിക്കപ്പെട്ട ലഹരിമരുന്നാണ് മെത്തലിന്‍ ഡയോക്‌സി മെത്തഫിറ്റമിന്‍. രാജ്യത്തെ ഏറ്റവും വലിയ ലഹരി വേട്ടകളിലൊന്നായിരുന്നു അത്.
നഗരത്തിലെ പാഴ്സല്‍ സര്‍വീസ് വഴി എട്ട് വലിയ പെട്ടികളിലാണ് എംഡിഎംഎ കടത്താന്‍ ശ്രമിച്ചത്. പരിശോധനയില്‍ കണ്ടെത്താതിരിക്കുന്നതിനു കറുത്ത ഫിലിമുകള്‍ കൊണ്ടു പൊതിഞ്ഞതിനു ശേഷം തുണികള്‍ക്കിടയില്‍ ഒളിപ്പിച്ചാണു കടത്താന്‍ ശ്രമിച്ചത്.
എറണാകുളം എക്‌സൈസ് ഡപ്യൂട്ടി കമ്മിഷണര്‍ എ.എസ്.രഞ്ജിത്തിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ ലഹരിമരുന്ന് പിടിച്ചെടുക്കുകയായിരുന്നു. സംഭവം നടന്ന് രണ്ട് മാസം പിന്നിടുമ്പോഴാണ് കൊച്ചിയില്‍ അതേ മയക്കുമാരുന്നുമായി സീരിയല്‍ നടി അറസ്റ്റിലായിരിക്കുന്നത്.
അശ്വതി ബാബു മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്നും വില്‍പ്പന നടത്തുന്നുവെന്നും പൊലീസിനു രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ദിവസങ്ങളായി ഇവര്‍ പൊലീസ് നിരീക്ഷണത്തിലായിരുന്നു. ഇന്ന് രാവിലെയാണ് കാക്കനാടുള്ള നടിയുടെ ഫ്‌ലാറ്റിലെത്തി തൃക്കാക്കര പൊലീസ് 3.5 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തത്. ബാഗ്ലൂരില്‍ നിന്നും ഡ്രൈവര്‍ ബിനോയ് വഴിയാണ് അശ്വതി മയക്കുമരുന്ന് കൊച്ചിയിലെത്തിച്ചിരുന്നത്.