കവിയൂര്‍ പീഡനം ; പെണ്‍കുട്ടിയെ പീഡിപ്പിച്ചത് അച്ഛനല്ല എന്ന് സിബിഐ
കവിയൂര്‍ പീഡനക്കേസില്‍ മുന്‍ നിലപാട് മാറ്റി സിബിഐ. ആത്മഹത്യ ചെയ്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചത് അച്ഛനാണെന്നതിന് തെളിവില്ലെന്ന് സിബിഐ തിരുവനന്തപുരം പ്രത്യേക കോടതിയെ അറിയിച്ചു. പീഡിപ്പിച്ചത് സ്വന്തം അച്ഛനാണെന്നതിന് തെളിവില്ലെന്നാണ് സിബിഐ നാലാമത്തെ അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. അച്ഛന്‍ ആയിരിക്കാം എന്ന സാധ്യത മാത്രമാണ് ഈ റിപ്പോര്‍ട്ടിലുള്ളത്. സംഭവത്തില്‍ ബാഹ്യശക്തികളുടെ ഇടപെടല്‍ ഇല്ലെന്നും സിബിഐ കോടതിയെ അറിയിച്ചു.
കവിയൂരില്‍ അച്ഛനും അമ്മയും മൂന്നു പെണ്‍മക്കളുടെയും അത്മഹത്യക്കു കാരണം സെക്‌സ് റാക്കറ്റാണെന്ന ആരോപണത്തെ തുടര്‍ന്നാണ് സിബിഐ അന്വേഷണം ഏറ്റെടുത്തത്. രാഷ്ട്രീയ നേതാക്കള്‍ക്കും അവരുടെ മക്കള്‍ക്കും ബന്ധമുണ്ടെന്ന ആരോപണം ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. കുടുംബത്തിലെ മൂത്ത പെണ്‍കുട്ടി കൊല്ലപ്പെടുത്തിന് 72 മണിക്കൂര്‍ മുമ്പ് ലൈഗിക പീഡനത്തിന് ഇരയായെന്നായിരുന്നു സിബിഐയുടെ ആദ്യ റിപ്പോര്‍ട്ട്.
തുടര്‍ന്ന് സമര്‍പ്പിച്ച രണ്ടു റിപ്പോര്‍ട്ടുകളിലും മകളെ പീഡിപ്പിച്ചത് അച്ഛനാണെന്ന് സിബിഐ പറഞ്ഞിരുന്നു. കുടുംബം ആത്മഹത്യ ചെയ്യുന്നതിന് രണ്ടു ദിവസം മുമ്പ് പുറത്തുപോയിട്ടില്ല. ആരും വീട്ടിലേക്ക് വന്നതിനും തെളിവില്ല അതിനാല്‍ മകളെ അച്ഛന്‍ പീഡിപ്പിച്ചുവെന്നായിരുന്നു സിബിഐയുടെ കണ്ടെത്തല്‍. തെളിവുകളുടെ പിന്‍ബലമില്ലാത്ത റിപ്പോര്‍ട്ട് തള്ളിയ കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
നാലാമത്തെ റിപ്പോര്‍ട്ടിലാണ് അച്ഛനെതിരെ വ്യക്തമായ തെളിവില്ലെന്നും സിബിഐ പറയുന്നത്. ഡിഎന്‍എ അടക്കമുള്ള ശാത്രീയ തെളിവുകള്‍ ശേഖരിക്കാനായിട്ടില്ലെന്നാണ് എഎസ്പി അനന്തകൃഷ്ണന്റെ റിപ്പോര്‍ട്ട്. പീഡനത്തിന് ഇരയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്തതാണ്. രണ്ടു പെണ്‍കുട്ടികളെ കൊലപ്പെടുത്തി ശേഷം അച്ഛനും അമ്മയും അത്മഹത്യ ചെയ്തുവെന്നാണ് സിബിഐ വിശദമാക്കി.
മറ്റേതെങ്കിലും ബാഹ്യ ഇടപെടലുകളുണ്ടെന്ന് കണ്ടെത്താനായിട്ടില്ലെന്നാണ് സിബിഐ പറയുന്നത്. കിളിരൂര്‍ പീഡനക്കേസില്‍ സിബിഐ കോടതി 10 വര്‍ഷത്തേക്ക് ലതാനായരെ ശിക്ഷിച്ചിരുന്നു. ലതാ നായര്‍ ഇപ്പോള്‍ ജാമ്യത്തിലാണ്. സിബിഐയുടെ റിപ്പോര്‍ട്ട് ഈ മാസം 30ന് കോടതി പരിഗണിക്കും.
തെളിവുകളുടെ അഭാവത്താല്‍ മകളെ പീഡിപ്പിച്ചത് ആരെന്ന് കണ്ടെത്താനായിട്ടില്ല. കേസില്‍ രാഷ്ട്രീയ ബന്ധത്തിനും തെളിവില്ല. രാഷ്ട്രീയ നേതാക്കള്‍ക്കോ മക്കള്‍ക്കോ പങ്കുള്ളതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. രണ്ട് മക്കളേയുംഅച്ഛനാണ് കൊലപ്പെടുത്തിയത്. പുറത്തുനിന്നാര്‍ക്കും കുടുംബത്തിന്റെ ആത്മഹത്യയില്‍ പങ്കില്ല എന്നും റിപ്പോര്‍ട്ട് പറയുന്നു.
2004 സെപ്തംബര്‍ 28- നാണ് കുടുംബം കവിയൂരിലെ വാടകവീട്ടില്‍ കൂട്ടആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തിയത്. മൂന്ന് മക്കളേയും അമ്മയേയും വിഷം കഴിച്ച് മരിച്ചനിലയിലും അച്ഛനെ തൂങ്ങിമരിച്ച നിലയിലുമാണ് കാണപ്പെട്ടത്. കേസിലെ പ്രതിയായ ലതാനായര്‍ സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് മകളെ ഉന്നതര്‍ക്ക് കാഴ്ചവച്ചു എന്നാണ് കുടുംബം ആരോപിക്കുന്നത്.