പിണറായിയുടെ നീക്കം ആചാരങ്ങള്‍ ഇല്ലാതാക്കാന്‍ രൂക്ഷ വിമര്‍ശനവുമായി എന്‍എസ്എസ്

മുഖ്യമന്ത്രി പിണറായി വിജയന് ധാര്‍ഷ്ട്യമാണ് എന്നും അദ്ദേഹം ആരെയും അംഗീകരിക്കുന്നില്ലെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. മുഖ്യമന്ത്രി എന്ന നിലയിലല്ല പിണറായി വിജയന്‍ ജനത്തെ കൈകാര്യം ചെയ്യുന്നതെന്ന് സുകുമാരന്‍ നായര്‍ ആരോപിച്ചു. ശബരിമലയിലെ ആചാരങ്ങള്‍ ഇല്ലാതാക്കാന്‍ നീക്കമാണ് നടക്കുന്നത്. സര്‍ക്കാരില്‍ നിന്ന് എന്‍എസ്എസ് ഒന്നും നേടിയിട്ടില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. സുപ്രീംകോടതി വിധിയില്‍ ഉറച്ച് നിന്നാല്‍ എന്‍എസ്എസ് കേന്ദ്രസര്‍ക്കാരിനെ സമീപിക്കുമെന്നും സുകുമാരന്‍ പറഞ്ഞു.

അതേസമയം സമദൂര നിലപാടില്‍ നിന്ന് മാറിയിട്ടില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സന്ദര്‍ഭോചിത നിലപാടെടുക്കുമെന്നും വിശ്വാസം സംരക്ഷിക്കാന്‍ ഒപ്പം നിന്നവരെ എന്‍എസ്എസ് പിന്തുണയ്ക്കുമെന്നും സുകുമാരന്‍ നായര്‍ വിശദമാക്കി . വനിതാ മതില്‍ വിഭാഗീയത ഉണ്ടാക്കുമെന്നു പറഞ്ഞ സുകുമാരന്‍ നായര്‍ വനിതാമതിലുമായി സഹകരിച്ചാല്‍ ബാലകൃഷ്ണപിള്ളയെ എന്‍എസ്എസ് സഹകരിപ്പിക്കില്ലെന്നും വ്യക്തമാക്കി.

വിശ്വാസമാണ് വലുത്, വിശ്വാസികള്‍ക്ക് ഈ മാസം 26ന് നടക്കുന്ന അയ്യപ്പ ജ്യോതിയില്‍ പങ്കെടുക്കാമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. അയ്യപ്പന്റെ പേരിലുള്ള പരിപാടിയില്‍ വിശ്വാസികള്‍ പങ്കെടുക്കാമെന്നും സുകുമാരന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു.