രാഹുല്‍ ഗാന്ധിയുടെ നേതൃത്വം ജനം അംഗീകരിച്ചു തുടങ്ങിയെന്നു പി സി ജോര്‍ജ്

രാഹുല്‍ ഗാന്ധിയുടെ നേതൃത്വം ജനം അംഗീകരിച്ചു തുടങ്ങിയെന്നു പൂഞ്ഞാര്‍ എം എല്‍ എ പി സി ജോര്‍ജ്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഏത് മുന്നണിയുമായും ചര്‍ച്ച നടത്തുമെന്ന് പി സി പറഞ്ഞു. യുഡിഎഫിലേക്ക് പോകില്ലെന്ന് പറയാനാകില്ലെന്നു പറഞ്ഞ പിസി ദില്ലിയിലെത്തി സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്താന്‍ ശ്രമിക്കുകയാണ്. ഇതിനിടെയാണ് ഏത് മുന്നണിയിലേക്ക് പോകുമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയത്.

പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുന്‍പ് സീറ്റ് കാര്യം ചര്‍ച്ച ചെയ്ത് ആര്‍ക്കൊപ്പം പോകണമെന്ന് തീരുമാനിക്കുമെന്ന് ജോര്‍ജ് വ്യക്തമാക്കി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇരുമുന്നണികള്‍ക്കൊപ്പവും ചേരാതെ പൂഞ്ഞാറില്‍നിന്ന് ഒറ്റയ്ക്ക് മത്സരിച്ചാണ് പി സി ജോര്‍ജ് നിയമസഭയിലെത്തിയത്. എന്നാല്‍ ശബരിമല വിഷയത്തില്‍ വിശ്വാസികള്‍ക്കൊപ്പം നില്‍ക്കുന്നുവെന്ന് പ്രഖ്യാപിച്ച ജോര്‍ജ് ബിജെപിയ്ക്ക് പിന്തുണ നല്‍കുന്ന നിലപാടുകളാണ് സ്വീകരിച്ചത്.

നിയമസഭയില്‍ ഒ രാജഗോപാലിനൊപ്പം ഒരു ബ്ലോക്കായി ഇരിക്കുമെന്നും ജോര്‍ജ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അതിനു പിന്നാലെ താന്‍ ശബരിമല വിഷയത്തില്‍ മാത്രമാണ് ബിജെപിയുമായി സഹകരിച്ചത് എന്ന് വ്യക്തമാക്കിയ പി സി താന്‍ വിശ്വാസികള്‍ക്ക് ഒപ്പമാണ് എന്ന് വ്യക്തമാക്കിയിരുന്നു.