തുപ്പാക്കി 2 ഭാഗവുമായി വിജയ്‌ മുരുഗദോസ് ടീം വീണ്ടും

വിജയ് എന്ന താരത്തിന്റെ തലവര മാറ്റിയ സിനിമ എന്ന വിശേഷന്മാണ് തുപ്പാക്കി എന്ന ചിത്രത്തിന് ഉള്ളത്. ആ സിനിമയുടെ വിജയത്തിനുശേഷം ഇന്ത്യന്‍ സിനിമയില്‍ തന്നെ അറിയപ്പെടുന്ന ഒരു അഭിനേതാവായി വിജയ് മാറുകയായിരുന്നു. എആര്‍ മുരുഗദോസ് സംവിധാനം ചെയ്ത ആ ചിത്രം ഹിന്ദി റിമേക്ക് ചെയ്തു കോടികള്‍ വാരിയിരുന്നു. അതിനു ശേഷം വിജയ് മുരുകദോസ് കൂട്ടുകെട്ടില്‍ കത്തി, സര്‍ക്കാര്‍ എന്നി ചിത്രങ്ങള്‍ പുറത്തു വന്നു എങ്കിലും തുപ്പാക്കി പോലൊരു ചിത്രം ആവര്‍ത്തിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നില്ല.

അവസാനം ഇറങ്ങിയ സര്‍ക്കാര്‍ വിജയം ആയെങ്കിലും കേരളത്തില്‍ പൊതുവേ തണുത്ത സമീപനമാണ് പ്രേക്ഷരുടെ ഭാഗത്ത് നിന്നും ലഭിച്ചത്. തമിഴ് നാടിന്റെ അഭ്യന്തര രാഷ്ട്രീയമാണ് സര്‍ക്കാര്‍ ചര്‍ച്ച ചെയ്തത്. അതുകൊണ്ടുതന്നെ മറ്റിടങ്ങളില്‍ സിനിമക്ക് അഭിപ്രായം നന്നേ കുറവായിരുന്നു. എന്നിരുന്നാലും വമ്പന്‍ കളക്ഷനാണ് ചിത്രം നേടിയത്.

ഇപ്പോളിതാ സര്‍ക്കാരിനു ശേഷം വിജയ് എആര്‍ മുരുഗദോസ് ടീം വീണ്ടും ഒന്നിക്കുന്നു. 2012 ല്‍ പുറത്തിറങ്ങിയ തുപ്പാക്കിയുടെ രണ്ടാം ഭാഗം ഉണ്ടാകുമെന്നാണ് മുരുകദോസ് അറിയിച്ചിരിക്കുന്നത്. ചെന്നൈയിലെ ചലച്ചിത്ര പുരസ്‌കാര ചടങ്ങില്‍ വെച്ചായിരുന്നു തുപ്പാക്കിക്ക് രണ്ടാം ഭാഗം വരുമെന്ന കാര്യം മുരുകദോസ് വെളിപ്പെടുത്തിയത്. വിജയ് – അറ്റ്‌ലി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പുതിയ ചിത്രത്തിനു ശേഷമാകും തുപ്പാക്കി 2 ഒരുങ്ങുക. സംഗീത സംവിധായകനായി പുതിയ ചിത്രത്തില്‍ എആര്‍ റഹ്മാന്‍ ആയിരിക്കും എന്നാണ് സൂചനകള്‍.

ആദ്യ ഭാഗത്തിന് ഒന്നിച്ച അതേ ടീം തന്നെയായിരിക്കും ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുക്കുന്നതിനും ഉണ്ടാവുക എന്നാണറിയുന്നത്. കാജല്‍ അഗര്‍വാള്‍ നായികാ വേഷത്തില്‍ എത്തിയ ചിത്രത്തില്‍ നടന്‍ ജയറാമും ഒരു പ്രധാന വേഷം കൈകാര്യം ചെയ്തിരുന്നു.

ഒരു തീവ്രവാദ സംഘത്തെ നശിപ്പിക്കുകയും സ്ലീപ്പര്‍ സെല്‍സ് എന്നു പേരായ ഇടനിലക്കാരെ നിഷ്‌ക്രിയരാക്കി കൊണ്ട് മുംബൈയിലെ ബോംബ് സ്‌ഫോടനം തടയുകയും ചെയ്യുന്ന ഒരു ഇന്ത്യന്‍ കരസേനാ ഉദ്യോഗസ്ഥന്റെ കഥ ആയിരുന്നു തുപ്പാക്കി പറഞ്ഞത്.