എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ച പോലീസുകാരന് സിപിഎം ഭീഷണി

തിരുവനന്തപുരം പാളയത്തില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ച പോലീസുകാരന് സിപിഎം ഭീഷണിയെന്ന് കുടുംബത്തിന്റെ പരാതി. പരിക്കേറ്റ ശരതിന്റെ കുടുംബമാണ് കമ്മീഷണര്‍ക്കും ഡിജിപിക്കും പരാതി നല്‍കിയത്. പ്രതികള്‍ക്കെതിരെ വധശ്രമക്കുറ്റം ചുമത്തണമെന്നും ആവശ്യമുണ്ട്.

സംഭവം കഴിഞ്ഞു ഒരാഴ്ച്ച പിന്നിട്ടിട്ടും മുഴുവന്‍ പ്രതികളെയും പിടികൂടാത്ത സാഹചര്യത്തിലാണ് ഡിജിപിക്കും കമ്മീഷണര്‍ക്കും ശരതിന്റെ കുടുംബം പരാതി നല്‍കിയത്. മകനെതിരെ സിപിഎം പ്രവര്‍ത്തകര്‍ ഭീഷണി മുഴക്കുന്നതായി പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. നിലവില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസ് ദുര്‍ബലമാണ്. ശരതിനെ കൊല്ലാനാണ് ശ്രമം നടന്നതെങ്കിലും ഇക്കാര്യം എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിട്ടില്ല എന്ന് കുടുംബം ആരോപിക്കുന്നു.

എന്നാല്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാന്‍ വീഴ്ച്ച വരുത്തിയ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെ സ്ഥലം മാറ്റിയിട്ടുണ്ട്. തിരുവനന്തപുരം കന്റോണ്‍മെന്റ് സിഐ സജാദിനെയാണ് സ്ഥലം മാറ്റിയത്. പ്രധാനപ്രതിയെ ഇനിയും പിടികൂടാത്തതും അറസ്റ്റിലായ മൂന്നു പേരും പോലീസുമായുള്ള ധാരണ പ്രകാരം പിടിയിലായതാണ് എന്നതും എതിര്‍പ്പുകള്‍ക്ക് വഴിവച്ചിരുന്നു. ഈ സാഹചര്യത്തിലുണ്ടായ സമ്മര്‍ദ്ദം മൂലമാണ് സിഐയെ സ്ഥലം മാറ്റിയിരിക്കുന്നതെന്നാണ് ലഭിക്കുന്ന സൂചന.

നിയമം ലംഘിക്കുകയും പോലീസുകാരെ മര്‍ദ്ദിക്കുകയും ചെയ്ത എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ നടപടി ഏറെ ആക്ഷേപങ്ങള്‍ക്ക് വഴിവച്ചിരുന്നു. എന്നാല്‍ ഇവരെ സംരക്ഷിക്കുന്ന നടപടിയാണ് പാര്‍ട്ടിയില്‍ നിന്നും കേരളാ പോലീസില്‍ നിന്നും ഉണ്ടായിരിക്കുന്നത്.