കൊച്ചിയില്‍ ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പ് ; ലീനക്ക് ഭീഷണിയുള്ള കാര്യം പോലീസിന് അറിയാമായിരുന്നു എന്ന് റിപ്പോര്‍ട്ട്
കൊച്ചിയില്‍ ബ്യൂട്ടി പാര്‍ലറില്‍ വെടിവെയ്പ്പുണ്ടാകുന്നതിന് മുമ്പു തന്നെ നടി ലീന മരിയാ പോളിന് ഭീഷണി ഉണ്ടായിരുന്നു എന്നാ കാര്യം പോലീസിലെ ഒരു വിഭാഗത്തിന് അറിയാമായിരുന്നുവെന്ന് റിപ്പോര്‍ട്ട്. വെടിവെപ്പ് നടക്കുന്നതിന് നാലു ദിവസം മുമ്പ് നെയില്‍ ആര്‍ട്ടിസ്ട്രി എന്ന ബ്യൂട്ടി പാര്‍ലറില്‍ ഷാഡോ പോലീസ് വന്ന് വിവരങ്ങള്‍ ശേഖരിച്ചിരുന്നുവെന്ന് ലീന പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.
എറണാകുളം സൗത്ത് പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് വെടിവെപ്പ് നടന്ന ബ്യൂട്ടി പാര്‍ലര്‍. നെയില്‍ ആര്‍ട്ടിസ്ട്രിയില്‍ വെടിവെപ്പ് ഉണ്ടായതിന് ശേഷമാണ് ഇത് ലീനാ മരിയാ പോളിന്റെ ഉടമസ്ഥതയില്‍ ഉള്ളതാണെന്നുപോലും പോലീസ് അറിയുന്നത്. ബാങ്കുകളെ പറ്റിച്ചു കോടികള്‍ തട്ടിയ കേസിലെ പ്രതികളില്‍ ഒരാളാണ് ലീന. നിലവില്‍ ഗുരുതരമായ കേസുകളില്‍ പ്രതിയായ ലീനാ മരിയാ പോളിനെതിരെ ഭീഷണിയുള്ള വിവരം അറിഞ്ഞിട്ടും പോലീസിലെ ഒരു വിഭാഗം അത് ഗൗരവമായി എടുത്തില്ലെന്നാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്.
ഭീഷണി സംബന്ധിച്ച് ലീന നേരത്തേ പരാതി നല്‍കിയിരുന്നില്ലെന്നാണ് പോലീസ് പറയുന്ന ന്യായം. രവി പൂജാരിയെന്ന് അവകാശപ്പെട്ട് ഫോണ്‍കോളുകള്‍ വന്ന സാഹചര്യത്തില്‍ പോലീസ് അന്വേഷണം ഉഡുപ്പിയിലേക്കും മുംബൈയിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. ഡിസംബര്‍ 11നാണ് ഷാഡോ പോലീസ് എസ്.ഐ വിപിന്‍ ബ്യൂട്ടി പാര്‍ലറിലെത്തി വിവരങ്ങള്‍ ചോദിച്ചറിഞ്ഞത്. ഇത് കുറിച്ചെടുക്കുകയും ചെയ്തു. നേരത്തേ ഭീഷണി വന്ന കാര്യ അറിഞ്ഞിട്ടും ഇക്കാര്യം ഷാഡോ പോലീസ് ലോക്കല്‍ പോലീസിനെ അറിയിച്ചിരുന്നില്ല.