ശബരിമലയില്‍ വഴി തടഞ്ഞ സംഭവം ; യതീഷ് ചന്ദ്രയ്‌ക്കെതിരെ ലോക്സഭയിൽ അവകാശലംഘന നോട്ടീസ്
ശബരിമല സന്ദര്‍ശനത്തിനെയപ്പോള്‍ തന്നോട് പെരുമാറിയെന്ന് കാട്ടി എസ്പി യതീഷ് ചന്ദ്രയ്‌ക്കെതിരെ കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണന്‍ ലോക്‌സഭയില്‍ അവകാശലംഘനത്തിന് നോട്ടീസ് നല്‍കി. എസ്പി അപമാനിച്ചെന്നാണ് നോട്ടീസിലെ ആരോപണം. നോട്ടീസ് പരിഗണിക്കാമെന്ന് സ്പീക്കര്‍ സുമിത്രാ മഹാജന്‍ പൊന്‍ രാധാകൃഷ്ണന് ഉറപ്പ് നല്‍കി.
ശബരിമലയില്‍ ദര്‍ശനത്തിനെത്തിയതിനിടെ സൗകര്യങ്ങള്‍ പരിശോധിക്കുകയായിരുന്ന തന്നെ നിലയ്ക്കലില്‍ ഡ്യൂട്ടി ഓഫീസറായിരുന്ന എസ്പി യതീഷ് ചന്ദ്ര ഐപിഎസ് തടഞ്ഞു നിര്‍ത്തി അപമാനിച്ചു എന്നാണ് ആരോപണം. എസ്പി തന്നോട് ധിക്കാരത്തോടെയാണ് പെരുമാറിയത്. കേന്ദ്രമന്ത്രിയെന്ന ബഹുമാനം തനിക്ക് തന്നില്ല എന്നും പൊന്‍ രാധാകൃഷ്ണന്‍ ആരോപിക്കുന്നു.
ശബരിമല സന്ദര്‍ശനത്തിനെത്തിയ താന്‍ നിലയ്ക്കലില്‍ എത്തിയപ്പോള്‍ തന്നെ സ്വകാര്യവാഹനങ്ങള്‍ മുകളിലേക്ക് വിടാതിരിക്കാനുള്ള സാഹചര്യം പോലീസ് സൃഷ്ടിച്ചു. വാഹനങ്ങള്‍ മുകളിലേക്ക് കടത്തി വിടാതിരിക്കാനുള്ള നടപടി തീര്‍ഥാടകര്‍ക്ക് വലിയ അസൗകര്യം സൃഷ്ടിക്കുന്നുവെന്നും പൊന്‍രാധാകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.
എസ്പി യതീഷ് ചന്ദ്രയ്‌ക്കെതിരെ അപമാനിച്ചെന്ന് കാണിച്ച് പൊന്‍ രാധാകൃഷ്ണന്‍ നോട്ടീസ് നല്‍കിയത് കൃത്യമായ രാഷ്ട്രീയലക്ഷ്യത്തോടെ തന്നെയാണ്. ആഭ്യന്തരമന്ത്രാലയത്തില്‍ പരാതി നല്‍കാനോ വിഷയം ലോക്‌സഭയില്‍ ഉന്നയിക്കാനോ ആയിരുന്നു നേരത്തെ ബിജെപി തീരുമാനിച്ചിരുന്നത്. കേന്ദ്രമന്ത്രിയായിട്ടും എസ്പി അതിന്റെ ബഹുമാനം തനിയ്ക്ക് തന്നില്ലെന്ന് നേരത്തേ പൊന്‍ രാധാകൃഷ്ണന്‍ ആരോപണമുന്നയിച്ചിരുന്നതാണ്.
കേരളത്തിലെ ഒരു മന്ത്രിയായിരുന്നെങ്കില്‍ എസ്പി തന്നോട് ഇങ്ങനെ പെരുമാറുമായിരുന്നോ എന്നും പൊന്‍ രാധാകൃഷ്ണന്‍ ചോദിച്ചിരുന്നു.