ജിയോണി മൊബൈൽ കമ്പനി പാപ്പരായി ; കാരണമായത് ചെയര്‍മാന്റെ ചൂതാട്ട ഭ്രാന്ത്
പ്രമുഖ മൊബൈല്‍ ബ്രാന്‍ഡ് ആയിരുന്ന ചൈനീസ് കമ്പനി ജിയോണി പാപ്പര്‍ ഹര്‍ജി ഫയല്‍ ചെയ്തു. താങ്ങാനാകാത്ത കടം കയറിയതിനെ തുടര്‍ന്നാണ് കമ്പനി ഹര്‍ജി ഫയല്‍ ചെയ്തത്. 20.2 മില്യണ്‍ യുവാന്‍ കടത്തിലാണ് കമ്പനി ഇപ്പോള്‍. 2013 മുതല്‍ 2015 വരെ മാസം 14.4 മില്യണ്‍ യുഎസ് ഡോളര്‍ കടത്തിലായിരുന്നു കമ്പനി പ്രവര്‍ത്തിച്ചിരുന്നതെന്ന് ചെയര്‍മാന്‍ ലിയു ലിറൊംഗ് കോടതിയില്‍ വ്യക്തമാക്കി.
അതേസമയം ചെയര്‍മാന്‍ ലിറോംഗിന്റെ ചൂതുകളി ഭ്രമമാണ് കമ്പനിയെ നഷ്ടത്തിലാക്കിയതെന്ന് സൂചനയുണ്ട്. 1.4 ബില്യണ്‍ യു.എസ് ഡോളറാണ് ലിയു ചൂതു കളിച്ച് നഷ്ടപ്പെടുത്തിയത്. അതേസമയം കമ്പനിയുടെ പണമെടുത്ത് ചൂതു കളിച്ചിട്ടില്ലെന്നാണ് ലിയുവിന്റെ നിലപാട്. എന്നാല്‍ കമ്പനിയുടെ ഫണ്ട് കടം വാങ്ങിയിട്ടുണ്ടാകാമെന്ന് സമ്മതിക്കുകയും ചെയ്തു.
ഈ വര്‍ഷമാദ്യം ഇന്ത്യയില്‍ 650 കോടിയുടെ നിക്ഷേപം നടത്തുമെന്ന് ജിയോണി വ്യക്തമാക്കിയിരുന്നു. ഇന്ത്യയിലെ ആദ്യ അഞ്ച് സ്മാര്‍ട്ട് ഫോണ്‍ കമ്പനികളില്‍ ഒന്നായി മാറുമെന്നും അവകാശപ്പെട്ടു. എന്നാല്‍ പരസ്യത്തിനും അസംസ്‌കൃത വസ്തുക്കളുടെ വിതരണക്കാര്‍ക്കും പണം കൊടുക്കാനില്ലാതെ കുഴങ്ങുകയാണ് കമ്പനി. ഇരുപതോളം വിതരണക്കാര്‍ കമ്പനിക്കെതിരെ കോടതിയെ സമീപിച്ചുകഴിഞ്ഞു. അടുത്ത അഞ്ചു വര്‍ഷത്തിനകം നഷ്ടപ്പെട്ടതെല്ലാം കമ്പനി തിരിച്ചു പിടിക്കുമെന്നാണ് ചെയര്‍മാന്റെ വാദം.
ഇന്ത്യാക്കാര്‍ക്ക് ഇഷ്ടമുള്ള ഒരു ബ്രാന്‍ഡ് ആയിരുന്നു ജിയോണി.എന്നാല്‍ ശിവോമി, ഒപ്പോ, വിവോ എന്നിവരുടെ കടന്നുവരവോടെ കമ്പനി താഴേയ്ക്ക് പോവുകയായിരുന്നു.