വനിതാ മതിലില്‍ കുട്ടികളെ പങ്കെടുപ്പിക്കരുത് എന്ന് കോടതി ; ചിലവാകുന്ന തുകയുടെ കണക്ക് കാണിക്കുവാനും നിര്‍ദേശം

കേരള സര്‍ക്കാര്‍ നടത്തുന്ന വനിതാ മതിലില്‍ കുട്ടികളെ പങ്കെടുപ്പിക്കരുതെന്ന് ഹൈക്കോടതി ഉത്തരവ്. കൂടാതെ ചിലവാകുന്ന തുകയുടെ കണക്ക് കാണിക്കുവാനും കോടതി നിര്‍ദേശം നല്‍കി.

വനിതാ മതിലിനായി സര്‍ക്കാര്‍ ഫണ്ട് ചെലവഴിക്കില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാടില്‍ നിന്ന് വ്യത്യസ്തമായാണ് സര്‍ക്കാര്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. വനിതാമതില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയുന്നതിന്റെ ഭാഗമാണെന്നും.

പദ്ധതിക്കായി നീക്കിവെച്ച 50 കോടിയില്‍ നിന്നാണ് തുക ചെലവഴിക്കുന്നത്. ബജറ്റില്‍ നീക്കിവെച്ച തുകയാണിതെന്നും ചെലവഴിച്ചില്ലെങ്കില്‍ നഷ്ടമാകുമെന്നുമാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. പ്രളയ പുനരധിവാസത്തിനുള്ള തുക വകമാറ്റില്ല എന്ന സര്‍ക്കാര്‍ വാദം കോടതി രേഖപ്പെടുത്തുകയും ചെയ്തു.

വനിതാ മതിലില്‍ പതിനെട്ടുവയസ്സിനു താഴെയുള്ള പെണ്‍കുട്ടികളെ പങ്കെടുപ്പിക്കുകയോ പങ്കെടുക്കാന്‍ പ്രോത്സാഹിപ്പിക്കുകയോ ചെയ്യരുതെന്നാണ് ഇടക്കാല ഉത്തരവിലൂടെ ഹൈക്കോടതി വ്യക്തമാക്കിയത്.സ്‌കൂള്‍ തലത്തിലും വിവേചനം ഉണ്ടെന്നും കുട്ടികള്‍ക്കും ബോധവല്‍കരണം ആവശ്യമാണെന്നും സ്റ്റേറ്റ് അറ്റോര്‍ണി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടെങ്കിലും കോടതി അത് അംഗീകരിച്ചില്ല.

വനിതാ മതില്‍ രാഷ്ട്രീയ പരിപാടിയല്ല എന്നു വ്യക്തമാക്കിയ സംസ്ഥാന സര്‍ക്കാര്‍ , ജീവനക്കാരെ പരിപാടിയില്‍ നിര്‍ബന്ധിച്ച് പങ്കെടുപ്പിക്കില്ലെന്നും പങ്കെടുക്കാത്തവര്‍ക്കെതിരെ ശിക്ഷാനടപടിയുണ്ടാകില്ലെന്നും കോടതിയെ അറിയിച്ചു.

അതേസമയം സര്‍ക്കാര്‍ തുക ചിലവാക്കുന്നത് തടയണമെന്ന വാദം കോടതി അംഗീകരിച്ചില്ല. പകരം ചെലവാകുന്ന തുകയുടെ കണക്ക് പരിപാടിക്ക് ശേഷം കോടതിയെ ബോധിപ്പിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. ആറാഴ്ചയ്ക്കു ശേഷം ഹര്‍ജി വീണ്ടും പരിഗണിക്കാനായി മാറ്റി വെച്ചു.