പൌരന്മാരുടെ സ്വകാര്യതയില്‍ കൈ കടത്തി കേന്ദ്രസര്‍ക്കാര്‍ ; മൊബൈലും കമ്പ്യൂട്ടറും ഇനി അനുമതിയില്ലാതെ കേന്ദ്ര സര്‍ക്കാരിന് നിരീക്ഷിക്കാം

രാജ്യത്തെ പൌരന്മാരുടെ സ്വകാര്യതയില്‍ കൈകടത്തി കേന്ദ്രസര്‍ക്കാര്‍. കംപ്യൂട്ടറുകളും മൊബൈല്‍ ഫോണുകളും നിരീക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗമായ പത്ത് ഏജന്‍സികള്‍ക്ക് അനുമതി. രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കും സിബിഐ, എന്‍ഐഎ തുടങ്ങിയ 10 ഏജന്‍സികള്‍ക്കാണ് കംപ്യൂട്ടറുകള്‍ നിരീക്ഷിക്കാന്‍ അനുമതി നല്‍കിയത്.

ഈ ഏജന്‍സികള്‍ക്ക് കംപ്യൂട്ടറുകള്‍ നിരീക്ഷിക്കാനും ഡാറ്റകള്‍ പിടിച്ചെടുക്കാനും കഴിയും. ഏതെങ്കിലും കേസില്‍ പ്രതിയായാലോ, രാജ്യ സുരക്ഷയെ ബാധിക്കുന്ന കാര്യമോ ആയാല്‍ കോടതിയുടെ മുന്‍കൂര്‍ അനുമതി വാങ്ങിയ ശേഷം മാത്രമേ കംപ്യൂട്ടറുകള്‍, മൊബൈല്‍ എന്നിവ പരിശോധിക്കാന്‍ കഴിയുമായിരുന്നുള്ളു.

എന്നാല്‍ ഇനിമുതല്‍ പത്ത് ഏജന്‍സികള്‍ക്ക് പൗരന്റെ സ്വകാര്യതയിലേക്ക് അനുമതി കൂടാതെ കടന്ന് വരാന്‍ സാധിക്കും. കംപ്യൂട്ടറുകള്‍ നിരീക്ഷിക്കാനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനത്തിനെതിരെ ലോക്‌സഭയില്‍ പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസ് നല്‍കി .