സ്ത്രീസുരക്ഷയ്ക്ക് വകമാറ്റിയ പണം വനിതാ മതിലിന് ; നീക്കം വിവാദമാവുന്നു

സ്ത്രീ ശാക്തീകരണത്തിനായി നീക്കിവെച്ച പണം വനിതാമതിലിന് ചെലവിടാനുള്ള സര്‍ക്കാര്‍ നീക്കം എതിര്‍പ്പുകള്‍ക്ക് കാരണമാകുന്നു. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിന് നീക്കിവെച്ചിട്ടുള്ള 50 കോടി രൂപയില്‍നിന്ന് ആവശ്യമായ തുക വനിതാമതിലിന്റെ പ്രചാരണത്തിന് ഉപയോഗിക്കാനാണ് നീക്കം. ലൈംഗികാതിക്രമം നേരിടുന്ന സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് വിനിയോഗിക്കേണ്ട തുകയാണ് നവോത്ഥാനത്തിന്റെ പേരില്‍ വനിതാമതിലിനായി ചെലവിടുന്നതെന്നാണ് ഇപ്പോള്‍ ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്.

സംസ്ഥാനത്ത് സ്ത്രീകള്‍ ഉള്ള എല്ലാ വീടുകളിലും നേരിട്ട് വനിതാമതിലിന്റെ സന്ദേശമെത്തിക്കാനും അതിന് പ്രചാരണം നടത്താനുമാണ് വനിതാ ശിശുവികസന വകുപ്പിന്റെ പണം വിനിയോഗിക്കുക. ഇതിന് ന്ത്രിസഭ കഴിഞ്ഞദിവസം അനുമതി നല്‍കുകയും ചെയ്തിരുന്നു.

സ്ത്രീശാക്തീകരണ പദ്ധതികളുടെ ഭാഗമായി വനിതാ ശിശുവികസന വകുപ്പ് രൂപവത്കരിച്ചെങ്കിലും നടപ്പാക്കുമെന്നു പറഞ്ഞ പല പദ്ധതികളും പ്രഖ്യാപനത്തിലൊതുങ്ങിയ സ്ഥിതിയാണ് . അതിനിടെയാണ് വകുപ്പിനുള്ള തുകകൂടി വകമാറ്റുന്നത്. മുന്‍വര്‍ഷങ്ങളില്‍ സ്ത്രീശാക്തീകരണം ലക്ഷ്യമിട്ട് നീക്കിവെച്ച തുക പൂര്‍ണമായും വിനിയോഗിക്കുന്നില്ലെന്നു കണ്ടാണ് തീരുമാനം.

ലൈംഗികാതിക്രമം നേരിടുന്ന സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണത്തിന് ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ പ്രത്യേക അഭയ കേന്ദ്രങ്ങളായിട്ടില്ല. അതേസമയം ബജറ്റിലെ തുക വനിതാമതിലിനായി ധൂര്‍ത്തടിക്കുന്നത് അഴിമതിയാണെന്ന് പ്രതിപക്ഷന നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയാന്‍ നിയമസംവിധാനങ്ങളുടെയും പോലീസ് അടക്കമുള്ള സര്‍ക്കാര്‍ ഏജന്‍സികളുടെയും കാര്യക്ഷമത വര്‍ധിപ്പിക്കുകയാണ് വേണ്ടത്. അതിനായാണ് പണം ചെലവിടേണ്ടത് എന്നും ചെന്നിത്തല ആവശ്യപ്പെട്ടു.